Ind disable

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഘോഷയാത്ര ... !!!



ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി ,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു


വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

മരണപ്പട്ടിക !!!

(സമര്‍പ്പണം: മംഗലാപുരത്ത് വിമാനാപകടത്തില്‍ കത്തിയമര്‍ന്നു  അനാഥമായി ഒന്നിച്ചു  അടക്കം ചെയ്യപെട്ട എട്ടു മൃതശരീരങ്ങള്‍ക്ക് വേണ്ടി..... )

















ദാരുണമാം ദുരന്തത്തിന്‍ അന്ത്യത്തില്‍
ഉയര്‍ന്നുപൊങ്ങും പുകച്ചുരുളുകള്‍ക്കുള്ളില്‍,
ക്കുരുങ്ങിക്കിടപ്പുന്ടീ ഞാന്..‍!

 പുക എങ്ങും കറുത്ത പുക
അതിന്‍പടലങ്ങളാല്‍ നീറും കണ്ണുകള്‍
പച്ചമാംസം കത്തിക്കരിഞ്ഞ മണം-
ഇരച്ചു കയറുന്നൂ ശ്വാസനാളത്തില്‍
ചുറ്റും ഉയര്‍ന്നു കേള്‍ക്കുന്നു
ആര്‍ത്തനാദങ്ങളും ആരവങ്ങളും...
ഒരു മയക്കത്തിനന്ത്യത്തില്‍ എല്ലാമേ
പൊടുന്നനെ തീര്‍ന്നുവല്ലോ!

അസ്ഥികള്‍ നുറുങ്ങി, ദേഹം മുറിഞ്ഞു
വാര്‍ന്നൊലിക്കുന്നൂ രക്തമെങ്ങും
വേദന! വേദന മാത്രം നിഴലിക്കുന്നു
ചലിക്കുന്നില്ല കൈകാലുകള്‍ -
കുരുങ്ങിക്കിടക്കുന്നേതോ ശവത്തിന്നടിയില്‍

എന്തോ,എന്നിലൊരു ജീവന്‍ ബാക്കിയെന്നോ?
എന്തോ എന്നിലൊരു ഹൃദയം സ്പന്ദിക്കുന്നുവെന്നോ?
ഇല്ല, നീയെന്നല്ല ആരും കാണില്ല
എന്റെയീ ഒടുക്കത്തെ നിശ്വാസവും
എന്നില്‍നിന്നൊരു ജീവന്‍ ഊര്‍ന്നുപോകുന്നതും

ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയില്ല  ..
നിന്റെ സ്വീകരണമുറിയിലെ ചാനല്‍ -
ക്യാമറയില്‍ എന്റെയീ മുഖം പതിയില്ല ..
നാളത്തെ പത്രത്താളിലെ ' മരണപ്പട്ടികയില്‍'
എന്റെ നാമവും നാടും വയസ്സും തെളിയില്ല ..!