ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്....കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .
കാലചക്രത്തിന്റെ കലണ്ടറില്‍ നിന്നും മാഞ്ഞു പോയ വര്‍ഷങ്ങള്‍ അയാളില്‍ അവശേഷിപ്പിച്ചത്, കഷണ്ടി കയറിയ തലയും താടിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നരച്ച രോമങ്ങളും, ഒരു കൊച്ചു വീടും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും പിന്നെ കുറെ കടങ്ങളും മാത്രം....ഒരു സര്‍ക്കാര്‍ ആപ്പീസിലെ സാദാ ക്ലാര്‍ക്കിന്റെ ജീവിത്തില്‍ നിന്ന് അതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്? അത് കൊണ്ട് തന്നെ അതിന്റെ എല്ലാ പരാധീനതകളും അയാളില്‍ എപ്പോഴും പ്രകടമായിരുന്നു .
ഭാര്യയുടെ ഉച്ചത്തിലുള്ള പിറുപിറുക്കലും പാത്രങ്ങളുടെ കലമ്പലുമാണ് അയാളെ കഴിഞ്ഞ കാലത്തില്‍ നിന്നും ഉണര്‍ത്തിയത് .അപ്പോഴാണ് അയാള്‍ക്കു സ്ഥലകാലബോധം ഉണ്ടായത്.വേഗം ചാടിയെഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു .എത്രയും വേഗം ആപ്പീസിലേക്ക് പോവണം എന്ന ചിന്തയില്‍, ധൃതിയില്‍ കുളിയും മറ്റുംനടത്തി. വൈകി എത്തിയാല്‍ ചുവക്കുന്ന മേലധികാരിയുടെ മുഖം എല്ലാത്തിലും ധൃതിപ്പെടാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുളിയും വസ്ത്രം മാറലും കഴിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍,സമയത്തിന് എന്താണിത്ര വേഗത എന്നാണ് അയാള്‍ ആലോചിച്ചത്.ഊണുമേശയില്‍ നിരത്തിയ പ്രാതല്‍ കഴിച്ചെന്നു വരുത്തി അയാള്‍ വേഗം ഇറങ്ങി നടന്നു.ഭാര്യയുടെ പിന്‍വിളികളെ അവഗണിച്ചു...... പാതി നടന്നും ഓടിയും അയാള്‍ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പോകുമ്പോഴും ബസ് പോയിട്ടുണ്ടാവരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
എന്നാല്‍, അയാള്‍ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോഴേക്കും ബസ്സ് , സ്റ്റോപ്പില്‍ എത്തി കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തോടെ അയാള്‍ റോഡിലേക്ക് ഇറങ്ങിയതും ബസ്സ് മുന്നില്‍ എത്തിയതും അറിയാതെ കൈകള്‍ നീട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു. അയാള്‍ ആ ബസ്സിലേക്കു ധൃതിയോടെ ഓടിക്കയറി. പിന്നെ വാച്ചിലേക്കു നോക്കി, സമയം അതിക്രമിച്ചിരിക്കുന്നു. മേലധികാരിയുടെ ക്ഷോഭിച്ച മുഖം അയാളുടെ മനോമുരുകത്തില്‍ തെളിഞ്ഞു വന്നു. എത്രയും വേഗം എത്തിയാല്‍ മതിയായിരുന്നു എന്നായി അയാളുടെ അടുത്ത പ്രാര്‍ത്ഥന,
പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ് എത്തുമ്പോഴും ഈ ബസ്സ് ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന !