പഴയ വേരുകൾ ചികഞ്ഞു പോകുമ്പോൾ
മൌനമായി പോവുക.
ബഹളമരുത്,തിടുക്കമരുത്
നിഴലിന്റെ നിർവികാരതയോടെ മാത്രം ...
പരാതിയിലും പരിഭവത്തിലും
പരിഭ്രമിക്കരുത്
നിശബ്ദമായി കേൾക്കുക
ഉത്തരങ്ങൾക്കിവിടെ സ്ഥാനമില്ല
അല്ലെങ്കിലും
നിന്റെ ന്യായീകരണത്തിൽ
തൃപ്തരല്ലവർ .
ഉറകുത്തി വീഴുമ്പോഴും
കൂട്ടുപിരിയാതെ പിണഞ്ഞു
കിടക്കുന്ന ഉരഞ്ഞനാരുകൾ
നിന്റെ കൈ വിരലുകളെ-
വരിഞ്ഞു മുറുക്കിയേക്കാം
നിനക്ക് നോവുന്നോ?
എന്നിരുന്നാലും
ഒന്നുമില്ലെന്ന ഭാവത്തിലിരിക്കുക
നിന്റെ നാട്യം കാണാൻ അവർക്ക്
താല്പര്യമുണ്ടാവില്ല.
കുളവും കുളക്കടവും കണ്ടാൽ
അവിടെയിരിക്കുക
നീന്താൻ തോന്നുന്നുണ്ടോ ?
മണ്ണിലലിഞ്ഞ ജഡത്തിന്റെ
തണുപ്പൂറി ജലത്തിൽ
ഉറഞ്ഞു കിടക്കുന്നുണ്ടാവും
ഇത് നിന്റെ സ്വിമ്മിംഗ് പൂളിലെ
നീലിമയല്ല,
ശിതീകരിച്ച ജലത്തെക്കാൾ
ഓർമ്മപായലിന്റെ ഇരുണ്ടപുകമറയാണ്
വേണമെങ്കിൽ മുങ്ങി നിവരാം,അത് മതി
പനി വരും
വസൂരിയോ മഞ്ഞപ്പിത്തമോ
പറങ്കിപുണ്ണ് കൊണ്ടോ,
പുഴുത്തു ചത്തവരുടെകാലമല്ലയിത് ,
അവസാനം തിരിച്ചു പോരുമ്പോൾ
വേണെമെങ്കിൽ ഒന്നുരണ്ടു
ഫോട്ടോ കൂടിയെടുത്തോളൂ
നിന്റെ പേരമക്കളെ
പാരമ്പര്യത്തിന്റെ ജീർണ്ണതയിലേക്ക്
തള്ളിയിടാം
തിരിച്ചു നടക്കാൻ നേരമായി
'നീ ഇതു വരെ കണ്ടതല്ല
കാണാനിരിക്കുന്നതാണ് ജീവിതം '
പശ്ചാത്തലത്തിൽ മഴക്കോളു പ്രതീക്ഷിച്ചോ?
ഇല്ല,മഴ പെയ്തില്ല
മഴയങ്ങനെയാണ് ,ഇത് സിനിമയല്ലല്ലോ
എന്നിട്ടും
ഈ നശിച്ച മഴയും നരച്ച ഓർമകളും
മാത്രം നീ കൂടെ കൊണ്ട് പോകുന്നു .