Ind disable

2011 ജൂൺ 13, തിങ്കളാഴ്‌ച

മരം പെയ്യുന്നു

ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ 
ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ
ചിറകുകള്‍ക്ക്
അതീതമാണ്.

2011 ജൂൺ 8, ബുധനാഴ്‌ച

നമ്മള്‍ (കവിത )



ഞാനും നീയും
ഇരുട്ടിന്റെ തടവറയില്‍
നിഴല്‍ രൂപങ്ങളായിരുന്നു .

എന്നാല്‍ ,
സ്വാതന്ത്ര്യത്തിന്റെ ലഹരിയിലുന്മത്തരായി
വെള്ളി വെളിച്ചത്തിലേക്കിറങ്ങിത്തിരിച്ചവര്‍
നമ്മള്‍ !
നാല് ധ്രുവങ്ങളിലേക്ക് നീങ്ങി
നാല് സമതലങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നു.


'സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം' !

കറുപ്പും വെളുപ്പും കൊണ്ട് ചുവന്നുപോയൊരു പതാക
അന്തമില്ലാത്ത ആകാശത്ത് വെറുതെ പാറുന്നു.

ഇതിന്നിടയില്‍,
നീയെന്നെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ നിന്നെ മറന്നു പോയിരിക്കും
പിന്നീടെപ്പോഴെങ്കിലും ഞാനെന്റെ --
ഓര്‍മ്മചെപ്പില്‍ നിന്നെ തിരയുമ്പോള്‍
നീ സ്വയമൊരു മുഖം മൂടി ധരിച്ചിരിക്കും .

പക്ഷേ ,
ആറടിയുടെ
അഗാധതയിലെ
അനുഭവങ്ങളുടെ സമത്വ-
ഭാവങ്ങള്‍ നമ്മെ
സമന്മാരാക്കുമെങ്കിലും
തമ്മില്‍ തമ്മിലുള്ള
പോരാട്ടം തുടരുക തന്നെ ചെയ്യും

ചിലപ്പോള്‍ ഇത്
വിശുദ്ധ യുദ്ധമെന്നോ ?
വര്‍ഗ്ഗ സമരമെന്നോ ?
വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!

2011 മേയ് 29, ഞായറാഴ്‌ച

മറവി


മരിച്ചാലും
ഒരിക്കലും
മറക്കില്ലെന്ന് പറയുമായിരുന്നു
അനുരാഗത്തിന്റെ
ആദ്യ നാളുകളില്‍
എന്നിട്ടും
പ്രണയം മരിച്ചു തുടങ്ങിയ-
രാവുകളില്‍
ഓര്‍ത്തെടുക്കുന്നതിനെകാള്‍
തിടുക്കം
മറക്കുവാനായിരുന്നു

2011 മേയ് 16, തിങ്കളാഴ്‌ച

സ്വപ്നം

എന്റെ സ്വപ്ന  സഞ്ചാരങ്ങള്‍ 
അവസാനിക്കുന്നത്
നീയുള്ളയിടത്താണ്
എന്നാല്‍
നിന്നിലേക്ക്‌ 
ഒരിക്കല്‍ പോലും
വന്നണയരുതേയെന്നാണ്
എന്റെ തേട്ടം *
അതിലുമെനിക്കിഷ്ട്ടം   
നിന്നിലേക്ക്‌ 
സഞ്ചരിക്കുന്ന
എന്റെ സ്വപ്നങ്ങള്‍ 


* തേട്ടം =  പ്രാര്‍ഥന

2011 മേയ് 1, ഞായറാഴ്‌ച

അഭിനിവേശം


ഇരമ്പിയാര്‍ത്തു വരുന്ന കടല്‍-
ത്തിരകള്‍ക്കിടയില്‍
പിരമിഡു പോലുരുണ്ടൊരു
പ്രതീക്ഷതന്‍ മുനമ്പ്‌ ...!

അതു പിടിച്ചടക്കണമെന്നും
അതിലെ നോവും അതിന്‍ വേദനയും -
ത്തട്ടിത്തൂവാതെ തന്‍
സിരകളോട് ചേര്‍ക്കണമെന്നും
അവള്‍ പറയുമായിരുന്നു...

പേനയും പതാകയും
പിടിച്ചു മുരടിച്ചു പോയൊരെന്‍
കൈകള്‍ തളര്‍ന്നുവെന്ന്
തോന്നിത്തുടങ്ങിയപ്പോള്‍

അതുവരെ കൂടെ നിന്ന
ചായം തേച്ചു മുഖം മറച്ചവര്‍,
പുഞ്ചിരിയില്‍ കൂര്‍ത്ത പല്ലുകള്‍
ഒളിപ്പിച്ചവര്‍,
എവിടേക്കാണ്‌ പുറപ്പെട്ടു പോയത്
ഏതു പല്ലക്കില്‍,
എത്ര കുതിരയെപ്പൂട്ടിയ തേരില്‍ ..?

2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

ഉറക്കം (കവിത)

ഓരോ ഉറക്കവും
ഓരോ  മരണമത്രെ 
കുഞ്ഞു  കുഞ്ഞു  മരണങ്ങള്‍
നൈമിഷിക ദൈര്‍ഘ്യങ്ങളില്‍

പൊട്ടിപോകുന്ന 
കുഞ്ഞു നീര്‍കുമിളകള്‍.

കിടന്നുറങ്ങുന്നവരും
ഇരുന്നും നിന്നുമുറങ്ങുന്നവരും   
എന്തിനു
നടന്നുറങ്ങുന്നവര്‍  വരെ
ഓരോ മരണങ്ങളെ പൂര്‍ത്തീകരിക്കുന്നുണ്ട്‌.

ഓരോ തവണ ഉറങ്ങുന്നവരും

വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

 ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍  
നിതാന്തമായൊരു  ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്  


എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍