Ind disable

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ആദ്യ പാപം

ചുംബനം ചോദിച്ചവളോട്
പ്രണയത്തിന്റെ
ആദ്യ പാപം പറഞ്ഞു കൊടുത്തവനേ  ...
നിന്നെ നരകത്തിന്റെ
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ
അപ്പിൾ പറിച്ചു  തരാം  .

2013, നവംബർ 10, ഞായറാഴ്‌ച

പഴയത് (കവിത)


പഴയ വേരുകൾ ചികഞ്ഞു പോകുമ്പോൾ
മൌനമായി പോവുക.
ബഹളമരുത്,തിടുക്കമരുത്
നിഴലിന്റെ നിർവികാരതയോടെ മാത്രം ...
പരാതിയിലും പരിഭവത്തിലും
പരിഭ്രമിക്കരുത്
നിശബ്ദമായി കേൾക്കുക
ഉത്തരങ്ങൾക്കിവിടെ സ്ഥാനമില്ല
അല്ലെങ്കിലും
നിന്റെ ന്യായീകരണത്തിൽ
തൃപ്തരല്ലവർ .
ഉറകുത്തി വീഴുമ്പോഴും
കൂട്ടുപിരിയാതെ പിണഞ്ഞു
കിടക്കുന്ന ഉരഞ്ഞനാരുകൾ
നിന്റെ കൈ വിരലുകളെ-
വരിഞ്ഞു മുറുക്കിയേക്കാം
നിനക്ക് നോവുന്നോ?
എന്നിരുന്നാലും
ഒന്നുമില്ലെന്ന ഭാവത്തിലിരിക്കുക
നിന്റെ നാട്യം കാണാൻ അവർക്ക്
താല്പര്യമുണ്ടാവില്ല.
കുളവും കുളക്കടവും കണ്ടാൽ
അവിടെയിരിക്കുക
നീന്താൻ തോന്നുന്നുണ്ടോ ?
മണ്ണിലലിഞ്ഞ ജഡത്തിന്റെ
തണുപ്പൂറി ജലത്തിൽ
ഉറഞ്ഞു കിടക്കുന്നുണ്ടാവും
ഇത് നിന്റെ സ്വിമ്മിംഗ് പൂളിലെ
നീലിമയല്ല,
ശിതീകരിച്ച ജലത്തെക്കാൾ
ഓർമ്മപായലിന്റെ ഇരുണ്ടപുകമറയാണ്
വേണമെങ്കിൽ മുങ്ങി നിവരാം,അത് മതി
പനി വരും
വസൂരിയോ മഞ്ഞപ്പിത്തമോ
പറങ്കിപുണ്ണ് കൊണ്ടോ,
പുഴുത്തു ചത്തവരുടെകാലമല്ലയിത് ,
അവസാനം തിരിച്ചു പോരുമ്പോൾ
വേണെമെങ്കിൽ ഒന്നുരണ്ടു
ഫോട്ടോ കൂടിയെടുത്തോളൂ
നിന്റെ പേരമക്കളെ
പാരമ്പര്യത്തിന്റെ ജീർണ്ണതയിലേക്ക്
തള്ളിയിടാം
തിരിച്ചു നടക്കാൻ നേരമായി
'നീ ഇതു വരെ കണ്ടതല്ല
കാണാനിരിക്കുന്നതാണ് ജീവിതം '
പശ്ചാത്തലത്തിൽ മഴക്കോളു പ്രതീക്ഷിച്ചോ?
ഇല്ല,മഴ പെയ്തില്ല
മഴയങ്ങനെയാണ് ,ഇത് സിനിമയല്ലല്ലോ
എന്നിട്ടും
ഈ നശിച്ച മഴയും നരച്ച ഓർമകളും
മാത്രം നീ കൂടെ കൊണ്ട് പോകുന്നു  .

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഹോണുകൾ (കവിത)



വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ

ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?

എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?


2013, ജൂലൈ 30, ചൊവ്വാഴ്ച

ഇരട്ടപേര് (മിനിക്കഥ ?)

      എന്റെ നാട്ടിൽ പൂമ്പാറ്റയെ പോലെ പാറി പാറി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . തക്കാളിപോലെ ചുവന്നു തുടുത്ത കവിളുകളുള്ളത് കൊണ്ടാണോയെന്നു അറിയില്ല, ഞങ്ങൾ അവളെ " തക്കാളി എന്ന് ഇരട്ടപേര് വിളിച്ചു കളിയാക്കുമായിരുന്നു.അങ്ങനെ വിളിക്കുന്നത് അവൾക്ക് തീരെ ഇഷ്ട്ടമായിരുന്നില്ലെന്നു മാത്രമല്ല എപ്പോൾ വിളിച്ചാലും എന്തെന്നില്ലാത്ത ദേഷ്യം ആ മുഖത്ത് ഇരച്ചു കയറി കവിളുകൾ വീണ്ടും ചുവന്നു ശരിക്കും തക്കാളി പോലെയാവും എന്നാൽ എവിടെ വെച്ച് വിളിച്ചാലും ഏറ്റവും കുറഞ്ഞത് "പോടാ'യെന്നെങ്കിലും പ്രതികരിക്കാതെ അവൾ അടങ്ങിയിരിക്കില്ല  .പക്ഷെ അവളെ ശുണ്ടി പിടിപ്പിക്കാനും ആ മുഖത്തെഭാവമാറ്റം കാണാനും അവളുടെ"പോടാ'യെന്ന് " വിളി കേൾക്കാനും വേണ്ടി മാത്രം അവളെ ഞങ്ങൾ  തക്കാലിയെന്നെ വിളിക്കൂമായിരുന്നു.അത് കേൾക്കാൻ തന്നെ ഞങ്ങൾക്ക് വെറുതെ എന്തോയൊരു രസമായിരുന്നു .

       വർഷങ്ങൾ കടന്നു പോകവേ ഞങ്ങളും അവളും വളര്ന്നു വലുതായി .അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളിൽ നിന്ന് ആരോ അവളെ തക്കാളിയെന്ന് വിളിച്ചപ്പോൾ അവളിൽ ഒരു പ്രതിഷേദവുമില്ല .അവള്ക്ക് ദേഷ്യം വന്നു മുഖം ചുവന്നില്ല'പോടാ'യെന്ന വിളിയില്ല പകരം അവൾ നാണത്തോടെ വെറുതെ നിന്ന് ചിരിക്കുക മാത്രംചെയ്യുന്നു.അവൾ ഒരു നന്നുത്ത പുഞ്ചിരിയോടെ തല താഴ്ത്തി നില്ക്കുന്നു .അത് വരെ കണ്ണാത്ത ഒരു ഭാവം അവളിൽ കണ്ടവർ അങ്ങനെ "വിളിച്ചു പോയല്ലോ"എന്ന് വൈക്ലബ്യത്തോടെ,ഞങ്ങൾ അവളുടെ മുന്നിൽ ചൂളി നിന്നു.

      അതിനു ശേഷം ആരും ഇത് വരെ അവളെ അങ്ങനെ തക്കാളിയെന്നു വിളിച്ചിട്ടില്ല . അവൾ എന്തിനാണ് അന്ന് അങ്ങനെ പുഞ്ചിരിച്ചതെന്നു എനിക്ക് അജ്ഞാതമായിരുന്നു.


Note:ഇരട്ടപേര്  (മിനിക്കഥ ?)

2013, ജൂൺ 5, ബുധനാഴ്‌ച

കവിതകൾ 17



ഒരു മരമാകുമോ നീ ?
ഞാന്റെഹൃദയത്തിൽ നടാം !

Off Note : ഒരു മരം, എന്റെ ഹൃദയത്തിൽ മാത്രം വേരുകളാഴ്യാത്തിയ വന്മരം




2013, മേയ് 23, വ്യാഴാഴ്‌ച

കവിതകൾ 16

ഗൗരവം
----------
കാര്യഗൗരവത്തെ 
മുഖയാഭരണമാക്കിയണിഞ്ഞു 
ഉള്ളിന്റെ ഉൾ അറയിൽ 
ഒരാൾക്ക് എത്ര കാലം 
ഒളിഞ്ഞു കഴിയാൻ സാധിക്കും ?
അവനവനാവാൻ 
കഴിയാത്തവന്റെ 
ഒരു നെടുവീര്‍പ്പ് കൊണ്ട് 
ദയനീയ ചിത്രം കണ്ണുകളിൽ 
നിഴലിക്കുന്നത് വരെയെങ്കിലും ...

2013, മേയ് 19, ഞായറാഴ്‌ച

കവിതകൾ 15

ശരിയായദിശയില്ലെന്ന് 
ധരിക്കുന്നവരുടെ 
പാതയിൽ 
തെറ്റിധാരണയുടെ 
ഫലകങ്ങൾ 
അങ്ങിങ്ങ് പതിച്ചു 
വെച്ചിരിക്കുന്നുണ്ടാവും 
പക്ഷെ 
അവരവരുടെ നേർരേഖയിൽ
വിഘ്നങ്ങൾ സംഭവിക്കാത്തവരാണ് 
ആ പാതയുടെ 
പുനർനിർമ്മതാക്കൾ

2013, മേയ് 15, ബുധനാഴ്‌ച

കവിതകൾ 14

എഴുതി തീർക്കേണ്ട കുപ്പിയിലെ മഷി 
ഒറ്റതട്ടിൽ മറിച്ചു കളയുന്നത് ,ആത്മഹുതി


2013, മേയ് 8, ബുധനാഴ്‌ച

കവിതകൾ 13





എഴുതുമ്പോൾ കൈ വെള്ളയിളിലൂടെ  
ചോര്ന്നു പോകുന്നു, കവിത 
-------------------------------------------------

ചിലത് 
ഒരിക്കെലെങ്കിലും വായിക്കാത്തവർ 
ഇപ്പോഴെങ്കിലും വായിക്കണം 
ഇത് വരെ വായിക്കാത്തതിന്റെ 
നഷ്ട്ടബോധം 
അപ്പോൾ ആ മുഖത്ത് 
നിഴലിക്കുന്നത് നമ്മുക്ക് വായിച്ചെടുക്കാം 

2013, മേയ് 1, ബുധനാഴ്‌ച

കവിതകൾ 12






വളഞ്ഞു വളഞ്ഞു 
പോയതു;
നേരെ നേരെ 
പോയതു;
അതിരുകളിൽ ചേർന്നത്
സമം ! 
--------------
ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങളുടെ 
വ്യക്തതയൊന്നും
ഉണർന്നിരിക്കുബോൾ കാണുന്ന 
സ്വപ്നങ്ങൾക്കുണ്ടാവുന്നില്ല !
--------------
അറിഞ്ഞറിഞ്ഞറിയാതെയാവുന്ന ഉലകം 
നീ ,അപരിചിതൻ 
-----------------

2013, ഏപ്രിൽ 28, ഞായറാഴ്‌ച

കവിതകൾ 11

എനിക്കായാരുമില്ലെന്ന് പരിതപിക്കുന്നവർ
എനിക്കും ആരെങ്കിലും ഉണ്ടാവുമെന്നു തിരക്കുന്നുണ്ട് കണ്ണുകൾ 

------------------XXXXX-------------------------


ഇനിയെങ്കിലും 
വിരഹകവിതകൾ  എഴുതാതിരിക്കാം 
പ്രണയിക്കുന്നവരെങ്കിലും അതിന്റെ 
മധുരം ആവോളം നുകരട്ടെ !

2013, ഏപ്രിൽ 24, ബുധനാഴ്‌ച

കവിതകൾ 10


ഒരു ഏകാന്തതയെ അതിജീവിക്കാൻ 
മണ്ണിൽ നിന്ന് മുളച്ചുപൊന്തുന്നു  
വേരുകൾ  
    

വേഗതയുണ്ട് 
ജീവനില്ല 
തെരുവുകൾ 

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കവിതകൾ 9


പ്രണയനൈരാശ്യത്തിന്റെ കാറ്റ് വീഴ്ച 
സ്വപ്നത്തിലെ എദേന്‍ തോട്ടത്തില്‍ നിന്ന് 

അടര്‍ന്നു വീഴുന്നു 
വാടികരിഞ്ഞ രണ്ടു മുല്ലപൂക്കള്‍ !!

2013, ഏപ്രിൽ 20, ശനിയാഴ്‌ച

കവിതകൾ 8


എന്റെ പ്രണയ കവിതകളെ 
കുറിച്ചു പറഞ്ഞു പറഞ്ഞു 
വലിയ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ത്തി 
ഒരു ചെമ്പനീര്‍ പൂവ് പോലെ 
ചുവന്നു തുടിക്കുന്നുണ്ടാവും 
അവളുടെ കവിളിൽ .

പക്ഷെ ഇതൊന്നുമല്ലകാര്യം 
എന്റെ സ്നേഹത്തെ കുറിച്ചു 
പറയുമ്പോള്‍ മാത്രം 
അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു ചെമ്പരത്തിപൂവാണെയെന്നു
അവളുടെ ചുണ്ടുകളില്‍ ഒരു ചിരിപൂത്തുകൊണ്ടിരിക്കും 


2013, ഏപ്രിൽ 14, ഞായറാഴ്‌ച

കവിതകൾ 7

നീ എവിടെയാണയെന്നു
എനിക്കും,
ഞാന്‍ 
എവിടെയാണയെന്നു 
നിന്നക്കും അറിയാം

ഇന്നി ഒരിക്കലും
പിരിഞ്ഞു പോവാതിരിക്കാന്‍
വേണ്ടി മാത്രം
നമ്മുക്ക് അകന്നിരിക്കാം

2013, ഏപ്രിൽ 10, ബുധനാഴ്‌ച

കവിതകൾ 6


പ്രണയം

പരസ്പ്പരം പ്രണയിച്ചു തോല്‍പ്പിക്കാനൊരു മത്സരം
അവസാനം 
ആര് തോറ്റുവെന്നു പരസ്പ്പരമറിയാത്ത മത്സരം

---------
ഇരുണ്ട രാത്രിയിലെ
ഇരുള്‍ പരപ്പിന്നുള്ളില്‍ നിന്ന് 
കാലന്‍കോഴി കരയുമ്പോൾ 

ഞാന്‍   പ്രാണഭയത്താല്‍
കടുക്ക് മണിയുടെ ഉള്ളിന്റെയുള്ളില്‍
ഒളിച്ചിരിക്കാറുണ്ട് ഇപ്പോഴും.!

2013, ഏപ്രിൽ 3, ബുധനാഴ്‌ച

കവിതകൾ 5




മരിച്ച സ്വപ്നങ്ങളുടെ കൂടെയുള്ള  ജീവിതമാണ് 
ഏറ്റവും പരിതാപകരം

----------
ഇപ്പോള്‍ വായിക്കുന്നത് 
എന്റെ കഥയാണ് 
എന്റെ ദേശത്തിന്റെ കഥയാണ് 

കേട്ടെറിഞ്ഞും
കണ്ടു വായിച്ചും
നിന്റെ കണ്ണുകളിലൂടെ 
വളര്‍ന്നു വളര്‍ന്നു 
ഹൃദയത്തില്‍ അലിഞ്ഞലിഞ്ഞു 
ബീജത്തിലൂടെ പടര്‍ന്നങ്ങനെ അങ്ങനെ ...

എപ്പോയെങ്കിലും 
നിന്നെയും നീ വായിക്കുബോള്‍ 
എന്റെ കഥയും ഒരാവര്‍ത്തികൂടി നമ്മള്‍ വായിക്കുന്നു 

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

കവിതകൾ 4


പൂവില്ലാ കാലം 
കാലത്തിലത് 
പൂക്കാലം


----------

കൊച്ചു കൊച്ചു ദിവാസ്വപ്നങ്ങള്‍ മാത്രം കാണുവാന്‍
സമയദൈര്‍ഘ്യത്തെ ക്ളിപ്തപെടുത്തണം  
ഇല്ലെങ്കില്‍ 
ദുഃസ്വപ്നങ്ങളുടെ ഘോഷയാത്രയാവും  

2013, മാർച്ച് 27, ബുധനാഴ്‌ച

കവിതകൾ 3


അകത്തേക്ക് ഇറങ്ങിപ്പോകുന്നവൻ   
ജാലകത്തിലൂടെ അകലങ്ങളിലേക്ക്
ഏന്തിനോക്കുന്നത് അവനെ പോലെ 
ആരെങ്കിലും ഏകാന്തതീരത്തിലൂടെ 
നടക്കുന്നുണ്ടോ എന്നാവുമോ ?  
-----------------

വാൽ വെട്ടി വെട്ടി 
ഉടൽ തീര്ന്നു പോകുന്നു 

----------

ഏകാന്തതേ സ്നേഹിച്ചവർ
എത്രമാത്രം മരുപച്ചയിലും
ഒരു ഏകാന്തയെ പുനർനിർണയിക്കും 

2013, മാർച്ച് 26, ചൊവ്വാഴ്ച

കവിതകൾ 2


കണ്ണൊന്നടച്ചാൽ 
നിന്നെന്നിലേയ്ക്കുള്ള ദൂരം വെറും
കണ്ണടച്ചു തുറക്കുന്ന നേരം  


----------------------------
ഒരു തുള്ളിയിൽ തുടങ്ങി 
അതേ തുള്ളിയിൽ തീരണം 
എന്റെ പുഴ

2013, മാർച്ച് 24, ഞായറാഴ്‌ച

കവിതകൾ 1

നീ വരുമ്പോൾ 
ഞാന്നൊറ്റക്കായിരിക്കില്ല 
വെയിൽ തിന്നപക്ഷികൂട്ടിന്നുണ്ട്  
----------------

പരസ്പ്പരം അലക്കിയലക്കി  
കറുപ്പിക്കുന്നുണ്ട് സദാച്ചാരം  

2013, മാർച്ച് 18, തിങ്കളാഴ്‌ച

കൊച്ചു കവിതകള്‍






1.നീ എന്റെകൂടെ സഞ്ചരിച്ചത്രയും
  ഞാന്‍ പോലും സഞ്ചരിച്ചിട്ടുണ്ടാവില്ല !

2.ഒരിക്കല്ലുമില്ലെന്ന് പറയുബോഴും 
 ഒരിക്കല്ലെങ്കിലുമുണ്ടാവുമെന്നു മനസ് പറയുന്നില്ലേ !

3.ജീവിതത്തെ വ്യഘാനിക്കാനെയെന്തെളുപ്പം ..
  ജീവിച്ചു തീര്‍ക്കാലാണതി കഠിനം ..


4.ഒറ്റകുതിപ്പില്‍ ഉഴിര്‍ത്തെഴുനേല്‍ക്കാനാവുമോ ?

  ഒരുനിമിഷത്തിന്റെ പതനത്തിന്റെ  ആഘാതത്തില്‍ നിന്ന് !

2013, മാർച്ച് 12, ചൊവ്വാഴ്ച


ചെറിയ വീടുകളില്‍ ചെല്ലുമ്പോള്‍
എവിടെയിരുത്തുമെന്നു  ആഥിതേയന്‍
വലിയ വീടുകള്‍ 
 
 ചെല്ലുമ്പോള്‍
എവിടെയെയിരിക്കണമെന്നു അഥിതി !

---------
ഇന്നലകളില്‍ നിന്ന് 
നീ വീശിയ കൈകള്‍ 
ഇപ്പോഴും ശൂന്യതയില്‍ !

............................




ഞാന്‍ എഴുതുന്ന ഉത്തരങ്ങള്‍ 
നീ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ല !!
___________________
അത് മതി 
അത്രമാത്രം മതി 
അത്രയും കാലമെങ്കിലും ..

_____________

കണക്ക് കൂട്ടി കണക്ക് കൂട്ടി 
തെറ്റിയ കണക്കില്‍ കാലം !





2013, മാർച്ച് 11, തിങ്കളാഴ്‌ച

ക്ലീഷേ


പറഞ്ഞു പറഞ്ഞു പ്രണയം ക്ലീഷേയായി 
പക്ഷേ.. 
പ്രണയത്തില്‍ പ്രണയിക്കതന്നെ വേണം  !

2013, മാർച്ച് 7, വ്യാഴാഴ്‌ച

നൂല് പൊട്ടിയ പട്ടത്തെയല്ല 
പറക്കാതെപോയ പട്ടത്തെയെയാണ് 
ആരും ശ്രദ്ധിക്കാതെ പോകുന്നത് !

2013, മാർച്ച് 5, ചൊവ്വാഴ്ച


പൊഴിയാതെയിരിക്കുന്ന 
അവസാന ഇലകള്‍ 
മൌനമായ് ശിശിരത്തേ
വരവേല്‍ക്കുന്നു  .

2013, മാർച്ച് 2, ശനിയാഴ്‌ച

കോഴികള്‍


കോഴികള്‍ കൂവുന്നുണ്ട്  
കാലം  വെളുത്തിട്ടുണ്ടാവുമോ ?


കോഴികള്‍ കൂവുന്നുണ്ട്  
കാലം വെളുപ്പിച്ചുണ്ടാവുമോ ?


കോഴികള്‍ കൂവുന്നുണ്ട്  
കാലം നരച്ചു പോയിട്ടുണ്ടാവുമോ ?

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

സത്യമായിട്ടും 
തീരുമാനമെടുക്കാനുള്ള അവസരം 
നിന്റെതാണ് 
ഞാന്‍ ചോദ്യം ചെയ്യുന്നില്ല 

പക്ഷെ 
വളര്‍ത്തന്നായാലും
കൊല്ലാന്നായാലും 
വേഗംവേണം.

രണ്ടിനുമിടയിലെ ഈ ..

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച


നീ നിറഞ്ഞു കവിഞ്ഞോഴുകുന്നുമെന്‍ ഉള്ളം 
നിറഞ്ഞു കവിയാതെ നോക്കേണ്ടത് നീയോ?
അതോ ?

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

സമസ്യകള്‍

ഹേ ഹൃദയപുഷ്പമേ .. 
എപ്പോഴെങ്കിലും നീയെന്നെ - 
വിടപറഞ്ഞു പിരിഞ്ഞു പോകുന്നുവെങ്കില്‍ 
ആ നിമിഷം നമ്മള്‍ പരസ്പരം 
ഹസ്തദാനം ചെയ്യാതിരിക്കാന്‍ ശ്രമിക്കാം .... 
അല്ലെങ്കില്‍ നമ്മളിലാരാദ്യം 
കൈകള്‍ പിന്‍വലിക്കുമെന്ന- 
റിയ്യാതാവുന്നസമസ്യകള്‍ 
രൂപാന്തരപെടും .!!

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

ചോദ്യങ്ങള്‍


ചില ചോദ്യങ്ങള്‍ 
അങ്ങനെയാണ് 
ചോദിച്ചു പോയല്ലോ 
യെന്നോര്‍ത്തോര്‍ത്ത്
നൊമ്പരപ്പെടുത്തി സങ്കടപ്പെടുത്തി 
അടുക്കളയിലെ  അമ്മിക്കല്ലില്‍ 
തല തല്ലി ചത്ത്‌ മലര്‍ന്നു കിടക്കും 
ഒരു കാര്യവുമില്ലാതെ ..

വേറെ ചിലതുണ്ട് 
അവയ്ക്ക് 
ഉത്തരമേ വേണ്ട . 
ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് തന്നെ 
പുതിയ ചോദ്യങ്ങള്‍ 
പൊട്ടി മുളക്കുവാനുള്ള അവസരമുണ്ടാകുന്നു..

പക്ഷെ 
ഇതൊന്നുമല്ല ചോദ്യങ്ങള്‍ 
ചോദ്യമായ ചോദ്യം 
ചോദിച്ചയാളുടെ ചുണ്ടിലേക്ക് തന്നെ 
ചൂഴ്ന്നിറങ്ങി അയാളെ തന്നെ 
ചോദ്യ  ചിഹ്നമാക്കി മാറ്റും .



2013, ഫെബ്രുവരി 16, ശനിയാഴ്‌ച

എന്നിട്ടും ..

പാളം തെറ്റാതെ ഓടുന്ന തീവണ്ടിയില്‍ 
എത്രമാത്രം വഴിതെറ്റിയവരുണ്ടാവും ..
എന്നിട്ടും ...

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച


പ്രണയം

കൂലംകുത്തിയൊഴുകുന്ന
ഒരു പുഴയാണ് നീ
അടക്കവും ഒതുക്കവും മറന്ന്
പൊട്ടിച്ചിരിച്ച്, ഇളകി മദിച്ച്
പാറകളെ കെട്ടിപ്പിടിച്ച്
കടിച്ചു കുടഞ്ഞുമ്മവെച്ച്
ആരെയും കൂസാതെ
ആര്‍ത്തും, അര്‍മ്മാദിച്ചും
നിനക്കൊഴുകാതെ വയ്യ

പ്രണയശേഷം

കൂലംകുത്തിയൊഴുകുന്ന
പുഴയുടെ അരക്കെട്ടില്‍
വിലങ്ങനെ തീര്‍ത്ത
ഒരണക്കെട്ട്
കുത്തൊഴുക്കില്ല
അട്ടഹാസങ്ങളില്ല
ശാന്തമാക്കപ്പെട്ട
തളച്ചിടാത്ത ജലം.

2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

ഹൈക്കുവാണോ ?



കൊളുത്തിയ വിളക്കില്‍ 
എറിയാത്ത തിരി 
നനഞ്ഞ പടക്കം !
-------
പുഴയെ 
നീ പറയുന്ന കഥയിലെ 
എത്രാമത്തെ വരിയാണ് 
ഞാന്‍ വായിക്കുന്നത്.!
------



2013, ഫെബ്രുവരി 6, ബുധനാഴ്‌ച

എങ്ങനെ ?

ഞങ്ങളൊരുമിച്ചാണ്
ഷാപ്പില്‍ കുടിക്കാന്‍ പോയത്
കുടിച്ച കള്ളും 
തൊട്ടു കൂടിയതും 
പാടിയ പാട്ടും 
ഒരുമ്മിച്ചിരുന്നു 
ഒരു പോലെ തന്നെ 

ആനകള്‍ നിരന്നനിന്ന 
അമ്പല മുറ്റത്തെക്കാണ് 
ഒരുമിച്ചു തന്നെയാണ് 
തിരിച്ചു പോയത്
എന്നാല്‍ 
അമ്പലത്തിലേക്ക് കയറുമ്പോള്‍ 
അവന്‍ അകത്തും
ഞാന്‍ പുറത്തുമായാതെങ്ങനെ ?

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

അവസാന നിമിഷം 
പരസ്പരം കോര്‍ത്ത 
കൈവിരലുകള്‍ പിന്‍വലിച്ചു 
തിരിഞ്ഞു നടക്കുമ്പോള്‍ 
തമ്മില്‍ തമ്മില്‍ കണ്ണുകളിലേക്ക് 
നോക്കരുത്‌
മറ്റൊന്നുമല്ല
അതുവരെ
വിതുബാതിരുന്ന
മിഴികളിലെ
കണ്ണുനീര്‍കടലില്‍ നിന്ന്
മണിമുത്തുകള്‍
അടര്‍ന്നുവീഴുന്നുണ്ടാവുമോ ?

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

നീ പെയ്യുമോ പെയ്യുമോയെന്നെ
സംശയത്തില്‍ ഞാന്‍ കരുതിയ 
കുട വെറുതെയാവുമോ ?

നീ വരുന്നതിനെ കുറിച്ച് 
ചിന്തിച്ചു ചിന്തിച്ചു 
നീയില്ലാത്ത കാലവും 
നീയുള്ളതുപോലെയായിമാറുന്നുവോ ?

2013, ജനുവരി 19, ശനിയാഴ്‌ച

അതോ ..


ഒരിക്കലും തുറക്കില്ലെന്നറിയുന്ന
വാതിലില്‍ വീണ്ടും വീണ്ടും മുട്ടുന്നവന്റെ 
ചിന്തയെന്തായിരിക്കും ?
ഒരിക്കെല്ലെങ്കിലും തുറക്കുമെന്നുതെന്നെയെല്ലെ 
അതോ ? !!

2013, ജനുവരി 17, വ്യാഴാഴ്‌ച

വെറുതെ

വെറുതെ പറയുന്നതാ ...
എല്ലാം വെറുതെ പറയുന്നതാ ..

ഒന്നും പറയാതിരിക്കുന്നില്ലെന്ന ബോധത്തില്‍ -
നിന്ന് കൊണ്ട് 
എന്തെങ്കിലും പറയാന്‍ തോനുന്നത്
പക്ഷേ 
എന്തെങ്കിലും പറഞ്ഞു പറഞ്ഞു 
വല്ല കാര്യവും പറയാനുള്ള പറപ്പാടെന്നു-
തോന്നിപോയെങ്കില്‍ 
നിനക്ക് തെറ്റിയിരിക്കുന്നു 
ഞാന്‍ ഒന്നിനെ കുറിച്ചും പറയുന്നില്ല.