Ind disable

2012 ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

2012 ജൂൺ 5, ചൊവ്വാഴ്ച

നുറുങ്ങു കവിതകള്‍



I.ദാമ്പത്യം
..................
ഒരു ഭൂഖണ്ഡത്തിന്റെ 
രണ്ടു ധ്രുവങ്ങളെക്കാള്‍ ദൂരമാണ്.
ഒരു കിടക്കയുടെ രണ്ടു അതിരുകളിലേക്ക് 
തെന്നിമാറുന്ന മനസുകളിലേക്ക് .
*****--------**********
II.വെന്തുപോയ നോവുകളിലെക്ക് 
എത്രമാത്രം നീരോഴുക്കുണ്ടയാലും 
വെന്തു പോയത് വെന്തത്‌ തന്നെ !!


--------*******----------

2012 ഏപ്രിൽ 25, ബുധനാഴ്‌ച

കിണര്‍ (കവിതകള്‍)



കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************




2012 ഏപ്രിൽ 8, ഞായറാഴ്‌ച

ആത്മാവിന്റെ ഭാഷ (കവിത)


എത്രയുറക്കെയുറക്കെ പറഞ്ഞാലും 
നിന്നെ  മാത്രം കേള്‍പ്പിക്കാനാവുന്നത് 

എത്രമാത്രം നിഴലായാലും 
നീ മാത്രം അറിയുന്നത് 

എത്ര ഇരുട്ട്‌ കനത്താലും    
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍

പൂവിനും പൂമ്പാറ്റകള്‍ക്കും 
തെന്നലിനും തൂവലിനും  
കരിയിലകള്‍ക്കു   പോലും 
കേള്‍വിയില്ലാതായിരിക്കുന്നു .

ഞാനെന്റെ ലോകത്തില്‍ നിന്ന് 
നിന്റെ ആത്മാവിനോട് സംവദിക്കുന്നത് 
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന 
സ്നേഹത്തിന്റെ  ഭാഷയിലാണ്.

2012 മാർച്ച് 20, ചൊവ്വാഴ്ച

മഴ നനയുന്നു .. (കവിത, )

തോരാത്ത മഴയും 
നനഞ്ഞൊലിക്കുന്ന ഞാനും.... 

വിടപറഞ്ഞു പിരിയുന്ന നിന്‍ 
കണ്ണേറോ  വാക്കോ  
വെടിയുണ്ടപോല്‍ 
തൊലിയുരിഞ്ഞെന്‍ 
നെഞ്ചിന്കൂടിനകത്തേക്ക് 
വഴുതിവീണമരുന്നതും കാത്തു 
ഞാനിങ്ങനെ മഴ നനയുന്നു..

കുടക്കീഴില്‍ അണയണമെന്നും 
ഇറയത്തേക്ക് മാറണമെന്നും 
ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍ 
മറഞ്ഞിരിക്കണമെന്നും 
ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും 
നുകരണമെന്നും ഉണ്ട്. 


ഒന്നുമില്ലെങ്കിലും 
ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍ 
തിടുക്കമുണ്ടീ മനസ്സിന്.

ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു 
നനഞ്ഞു കുതിരുന്നു 
തീരുന്നുവെങ്കില്‍ 
ഈ പെരുമഴയും 
ഈ കൊടുംകാറ്റും 
ഈ പ്രളയവും 
ഈ പ്രണയവും 
എന്നിലൊരു കുളിരാവുന്നു  

ഒരു പാട് കാലം 
ഞാന്‍ ഇങ്ങനെയിങ്ങനെ... 






2012 മാർച്ച് 4, ഞായറാഴ്‌ച

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


എല്ലാ ദിവസവും 
ചില കുഞ്ഞു മത്സ്യങ്ങള്‍  
കടലില്‍ നിന്ന് 
വലയിലൂടെ 
കരയിലേക്ക് പോകുന്നു.

ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ  
ഉറഞ്ഞു കിടക്കും ..!

മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍ 
തിളച്ചഎണ്ണയില്‍  നിന്ന് 
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!

പിന്നീടെപ്പോഴോ
തീന്‍മേശയിലെ 
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!

പിറ്റേന്ന് രാവിലെ 
മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
തീമീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
വീണ്ടും കടലിലേക്ക് ...