Ind disable

2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!

2012 ജൂലൈ 17, ചൊവ്വാഴ്ച

നീ വരുമ്പോള്‍ ...




ഒറ്റമരമായിപോകുന്നവര്‍ 
ഇറങ്ങി നടക്കും  താഴ്വാരത്തേക്ക്.
കൂര്‍ത്ത ഓര്‍മ്മകള്‍ കൊണ്ട് 
ഒറ്റനിലമണല്‍മാളിക പണിയും !!

നെഞ്ചോട് ചേര്‍ത്തു വെയ്ക്കണം 
ഹൃദയം കൊത്തിനുറുക്കുമ്പോള്‍
പിടഞ്ഞുവീഴുന്ന സ്വപ്നശകലങ്ങളിലെ 
ഒരു പൊട്ടു നിലാവിനെ!

ചീന്തിയെടുത്ത് മടിയില്‍ വെയ്ക്കണം 
സൂര്യാസ്തമയത്തിനു മുൻപ്
അരുണകിരണങ്ങളില്‍ നിന്ന് 
ഒരു തുണ്ട് വെയിലിനെ !!

കൈകുമ്പിളില്‍ കോരിയെടുക്കണം 
മഴ തോര്‍ന്നുണങ്ങും മുന്‍പ്പ് 
കണ്ണിന്റെ ആഴങ്ങളില്‍ 
അവസാനമവശേഷിക്കുന്ന 
കലര്‍പ്പില്ലാത്ത ഉപ്പുനീരിനെ..

മനമുരുകി ഒലിച്ചകലും മുന്‍പ്പ് 
വീണുയുടയാത്ത ഒരു മഞ്ഞുതുള്ളിയെ ..

ഒന്നിനെങ്കിലും മുറുകെ പിടിച്ചു 
പടിവാതിക്കല്‍ തന്നെയിരിക്കണം 

എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
അലസമായി നീ വരുമ്പോള്‍ 
ഞാനൊറ്റയ്ക്കായിരുന്നുവെന്നു  
നിനക്കൊരിക്കലും തോന്നരുത് !!




നീ വരുമ്പോള്‍ കവിതസ്നേഹ ചൊല്ലിനോക്കാനുള്ള ഒരുശ്രമം


NB:ഇതിലെ ചിത്രത്തിനും   കടപാട് സ്നേഹയോടാണ് 


2012 ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

2012 ജൂൺ 5, ചൊവ്വാഴ്ച

നുറുങ്ങു കവിതകള്‍



I.ദാമ്പത്യം
..................
ഒരു ഭൂഖണ്ഡത്തിന്റെ 
രണ്ടു ധ്രുവങ്ങളെക്കാള്‍ ദൂരമാണ്.
ഒരു കിടക്കയുടെ രണ്ടു അതിരുകളിലേക്ക് 
തെന്നിമാറുന്ന മനസുകളിലേക്ക് .
*****--------**********
II.വെന്തുപോയ നോവുകളിലെക്ക് 
എത്രമാത്രം നീരോഴുക്കുണ്ടയാലും 
വെന്തു പോയത് വെന്തത്‌ തന്നെ !!


--------*******----------

2012 ഏപ്രിൽ 25, ബുധനാഴ്‌ച

കിണര്‍ (കവിതകള്‍)



കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************




2012 ഏപ്രിൽ 8, ഞായറാഴ്‌ച

ആത്മാവിന്റെ ഭാഷ (കവിത)


എത്രയുറക്കെയുറക്കെ പറഞ്ഞാലും 
നിന്നെ  മാത്രം കേള്‍പ്പിക്കാനാവുന്നത് 

എത്രമാത്രം നിഴലായാലും 
നീ മാത്രം അറിയുന്നത് 

എത്ര ഇരുട്ട്‌ കനത്താലും    
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍

പൂവിനും പൂമ്പാറ്റകള്‍ക്കും 
തെന്നലിനും തൂവലിനും  
കരിയിലകള്‍ക്കു   പോലും 
കേള്‍വിയില്ലാതായിരിക്കുന്നു .

ഞാനെന്റെ ലോകത്തില്‍ നിന്ന് 
നിന്റെ ആത്മാവിനോട് സംവദിക്കുന്നത് 
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന 
സ്നേഹത്തിന്റെ  ഭാഷയിലാണ്.