Ind disable

2014, ജൂൺ 25, ബുധനാഴ്‌ച

കവിയെ തിരയരുത് (കവിത )

നിങ്ങൾക്കൊരു കവിയുടെ
കവിതകളിഷ്ടമായെന്നിരിക്കട്ടെ..,
വീണ്ടും വീണ്ടും വായിച്ചോളൂ
കവിതകളൊന്നൊഴിയാതെ വേണമെങ്കിൽ
മന:പാഠമാക്കിക്കൊള്ളൂ,
ഇടക്കിടെ ഓർത്തുകൊള്ളൂ,
ഒഴിഞ്ഞപാടങ്ങളിലോ, ടെറസ്സുകളിലോ
ഒറ്റയ്ക്കിരുന്ന് നിങ്ങളോടുതന്നെ
ആ കവിതകൾ മൂളിക്കൊള്ളൂ…
പക്ഷേ.. ഒരിക്കലും..
ഒരിക്കൽപ്പോലും അയാളെ തേടിച്ചെല്ലരുത്..
.
കവിയെ നേരിൽക്കാണുമ്പോൾ
ചിലപ്പോൾ കവിതയോടുള്ള
നിങ്ങളുടെ ഭ്രാന്ത്
ഒരു മുട്ടത്തോടുപോലെ ഉടഞ്ഞുപോയെന്നു വരും..
എഴുതുന്ന കവിതകളിലെ ആർദ്രത
കവിയുടെ മനസ്സിനുണ്ടാവണമെന്നില്ല.
ഓളമിടുന്നൊരു അരുവിപോലെ
അയാളുടെ ഹൃദയം മിടിച്ചുകൊള്ളണമെന്നില്ല..
അയാൾ ചിലപ്പോൾ സാധാരണയിലും
സാധാരണക്കാരനാവാം,
നിർഗുണപരബ്രഹ്മം..
അതുകൊണ്ട്, കവിത വായിക്കുക..
എന്നിട്ട് കവിയെ  എന്നെന്നേക്കുമായി
അങ്ങ് മറന്നേക്കുക..
ഇനി എന്നെങ്കിലും കണ്ടുമുട്ടിയാൽത്തന്നെ
അയാളിൽ ഒരു കവിഹൃദയമോ
കാമുകച്ഛായയോ തിരഞ്ഞുചെല്ലാതിരിക്കുക,
അയാളെ വെറുതെ വിടുക..
അയാൾ,അയാളുടെ ലോകത്തിരുന്നു 
കവിതകൾ എഴുതട്ടെ ...

2 അഭിപ്രായങ്ങൾ: