Ind disable

2012 ഡിസംബർ 12, ബുധനാഴ്‌ച

12-12-12

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള 
നിന്റെ പുസ്തകതാളുകള്‍
ഇന്ന്  വീണ്ടും തുറന്നു നോക്കുന്നത് 

എപ്പോഴോ 
ആകാശം കാണിക്കാതെ 
നീ  സൂക്ഷിച്ച 
മയില്‍പീലി പ്രസവിച്ചോയെന്നു 
നോക്കാനല്ല  !

നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍ 
വായിച്ചു  ഓമനിച്ചു  ഉറങ്ങാതെയിരുന്നു 
നമ്മള്‍ കണ്ട സ്വപ്ന നക്ഷത്രങ്ങള്‍ക്ക് 
ചിറക് വന്നോയെന്നും നോക്കാനുമല്ല  !

ഒന്നിനുമല്ല 
ആ പഴയ നല്ല ഓര്‍മളുടെ വീമ്പ് പറയാന്‍ മാത്രമാണ് !!

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

ജീവചരിത്രം !!!



ഒരു  വ്യാഴവട്ടക്കാലം
ഉന്മാദമായിരുന്നുവെന്നോ
ഉദാത്തമായിരുന്നുവെന്നോ 
തിരിച്ചറിയാതെ,
വാക്കുകളില്ലാത്ത വാചാലതകൊണ്ട് 
കാലത്തിന്റെ കാന്‍വാസില്‍ കോറിയിട്ടത്.

ഒരു ചെറിയ ചാറ്റല്‍ മഴയില്‍പ്പോലും
നനഞ്ഞു കുതിര്‍ന്നു
തീര്‍ന്നു പോയേക്കാവുന്ന
എന്റെ ഉല്പത്തി അടയാളപ്പെടുത്തിയ
ജീവന്റെ പുസ്തകം .
ആ പുസ്തകത്തിലെ 
എന്നെക്കുറിച്ച്
ഒന്നരപുറത്തില്‍
കവിയാത്ത താളില്‍
ബാലിശമായ ചാപല്യത്തിന്റെയും
ആത്മ സംഘര്‍ഷത്തിന്റെയും 
ബോധാബോധത്തിന്റെയും
ആരോഹണാവരോഹണങ്ങള്‍
    ക്രമതെറ്റിയ ഒരു ഉപന്യാസം 
വിഫല ശ്രമത്താല്‍ വിവര്‍ത്തനം
ചെയ്യപ്പെട്ടത്.

എന്നിരുന്നാലും
ഒറ്റ നിശ്വാസത്തിന്റെ
ഗതിവേഗതയില്‍
വായിച്ചെടുക്കാവുന്നത്രമാത്രം
ശൂന്യവും ക്ഷണികവുമായിരുന്നുവോ 
ഈ ഞാനും എന്റെ ഈ ജീവചരിത്രവും ..?

2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!

2012 ജൂലൈ 17, ചൊവ്വാഴ്ച

നീ വരുമ്പോള്‍ ...




ഒറ്റമരമായിപോകുന്നവര്‍ 
ഇറങ്ങി നടക്കും  താഴ്വാരത്തേക്ക്.
കൂര്‍ത്ത ഓര്‍മ്മകള്‍ കൊണ്ട് 
ഒറ്റനിലമണല്‍മാളിക പണിയും !!

നെഞ്ചോട് ചേര്‍ത്തു വെയ്ക്കണം 
ഹൃദയം കൊത്തിനുറുക്കുമ്പോള്‍
പിടഞ്ഞുവീഴുന്ന സ്വപ്നശകലങ്ങളിലെ 
ഒരു പൊട്ടു നിലാവിനെ!

ചീന്തിയെടുത്ത് മടിയില്‍ വെയ്ക്കണം 
സൂര്യാസ്തമയത്തിനു മുൻപ്
അരുണകിരണങ്ങളില്‍ നിന്ന് 
ഒരു തുണ്ട് വെയിലിനെ !!

കൈകുമ്പിളില്‍ കോരിയെടുക്കണം 
മഴ തോര്‍ന്നുണങ്ങും മുന്‍പ്പ് 
കണ്ണിന്റെ ആഴങ്ങളില്‍ 
അവസാനമവശേഷിക്കുന്ന 
കലര്‍പ്പില്ലാത്ത ഉപ്പുനീരിനെ..

മനമുരുകി ഒലിച്ചകലും മുന്‍പ്പ് 
വീണുയുടയാത്ത ഒരു മഞ്ഞുതുള്ളിയെ ..

ഒന്നിനെങ്കിലും മുറുകെ പിടിച്ചു 
പടിവാതിക്കല്‍ തന്നെയിരിക്കണം 

എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
അലസമായി നീ വരുമ്പോള്‍ 
ഞാനൊറ്റയ്ക്കായിരുന്നുവെന്നു  
നിനക്കൊരിക്കലും തോന്നരുത് !!




നീ വരുമ്പോള്‍ കവിതസ്നേഹ ചൊല്ലിനോക്കാനുള്ള ഒരുശ്രമം


NB:ഇതിലെ ചിത്രത്തിനും   കടപാട് സ്നേഹയോടാണ് 


2012 ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

2012 ജൂൺ 5, ചൊവ്വാഴ്ച

നുറുങ്ങു കവിതകള്‍



I.ദാമ്പത്യം
..................
ഒരു ഭൂഖണ്ഡത്തിന്റെ 
രണ്ടു ധ്രുവങ്ങളെക്കാള്‍ ദൂരമാണ്.
ഒരു കിടക്കയുടെ രണ്ടു അതിരുകളിലേക്ക് 
തെന്നിമാറുന്ന മനസുകളിലേക്ക് .
*****--------**********
II.വെന്തുപോയ നോവുകളിലെക്ക് 
എത്രമാത്രം നീരോഴുക്കുണ്ടയാലും 
വെന്തു പോയത് വെന്തത്‌ തന്നെ !!


--------*******----------