Ind disable

2010, മാർച്ച് 30, ചൊവ്വാഴ്ച

അയാള്‍ കഥ എഴുതുകയായിരുന്നു (കഥ )

             
               അയാള്‍ എഴുതുകയായിരുന്നു.മനസിന്റെ  മായിക  പ്രപഞ്ചത്തിന്റെ   അതിവരമ്പുകള്‍  കടന്ന്   ആകാശത്തിലെ  അതിവിസ്മയ കാഴ്ചകളായ അനന്ത വിഹായസുകളുടെ   ഉള്‍തുടിപ്പുകളെ   തൊട്ടറിഞ്ഞു  അയാള്‍ എഴുതിക്കൊണ്ടേയിരുന്നു.ശരറാന്തലിന്റെ ഇരുണ്ട  വെട്ടത്തില്‍ അയാള്‍ സ്വയം സൃഷ്ടിച്ചെടുത്ത  ഏകാന്തതയോടെ  ആ കുടുസു മുറിയിലെ  ഒരു മൂലയിലെ പീഠത്തിനു മുകളില്‍  കൂനിക്കുനിഞ്ഞിരുന്നു  മുഷിഞ്ഞ  കടലാസുകളില്‍ കാലം  വരുത്തിയ  വിറക്കുന്ന കൈകളോടെ    അയാള്‍   എഴുതുകയായിരുന്നു.  കൂട്ടായി  ഒരു പൂച്ചയും..... അതിരാവിലെ   ഉണരും  അയാള്‍ അല്‍പ സമയം,അവര്‍ക്ക്   മാത്രം അറിയുന്ന ഭാഷയില്‍ അവര്‍ പരസ്പരം  സംസാരിക്കും .അയാള്‍  ആരോടെങ്കിലും  സംസാരിക്കുന്നുവെങ്കില്‍   അത്  ആ  പൂച്ചയോട്   മാത്രമാണ്  .അയാള്‍ക്ക്  വേറെ ആരുമില്ലായിരുന്നു, ആ പൂച്ചയല്ലാതെ....പൂച്ചക്കും അതുപോലെ തന്നെ .       
             പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും നടക്കാന്‍ ഇറങ്ങും. ആ   സമയത്താണ് അയാള്‍ ആ നഗരത്തെയും നഗരത്തിലെ ജനത്തെയുംഅറിയുന്നത്. ഈ നഗരത്തില്‍ ആണ് ജീവിക്കുന്നത്  എന്ന് അവരെ ഓര്‍മിപ്പിക്കുന്നത്‌  .തെരുവിലൂടെ  നടന്നു പോകുന്നവര്‍ വല്ലതും  കൊടുത്താല്‍   അത് കൈനീട്ടി വാങ്ങി, ഒരു നന്ദി വാക്ക് പോലും പറയാതെ നടന്നകലും. പിന്നെ  പോകുന്നത്  പഴയകടലാസ് കച്ചവടക്കടയിലേക്കാണ്..അവിടെ  പോയി  മുഷിഞ്ഞു  ആര്‍ക്കും വേണ്ടാത്ത കടലാസുകള്‍  പെറുക്കിയെടുത്തു  കുടുസു മുറിയിലേക്ക് തിരിച്ചു നടക്കും. ആ  നാട്ടുകാര്‍ക്ക് ആര്‍ക്കും   അയാളെ  കുറിച്ചറിയില്ല.എവിടെ നിന്നു വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ഒന്നും  ആര്‍ക്കും അറിയില്ല  . നഗരത്തിന്റെ  സ്പന്ദനങ്ങളെ    അറിഞ്ഞിരുന്നില്ല  .അറിയാന്‍  ശ്രമിച്ചില്ല   എന്ന്  പറയുന്നതാവും കൂടുതല്‍  ഉത്തമം .
         
              തിരിച്ചു  വന്നു    വീണ്ടും  എഴുതാന്‍  തുടങ്ങും  .വരികള്‍ക്കിടയിലോ വാക്കുകള്‍ക്കിടയിലോ  ഒരിക്കലും    ശങ്കിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല .  അത് ഒരു  അനര്‍ഘളമായി  ഒഴുകുന്ന നദി  പോലെ  അയാളിലേക്ക്  പ്രവഹിച്ചു, കടലാസുകളില്‍ നിറഞ്ഞു .ഓരോ  കഥ  എഴുതി തീരുമ്പോഴും ആ മുറിയില്‍  പറന്നു കിടക്കുന്ന കടലാസുകള്‍   പെറുക്കിക്കെട്ടി ആ  നഗരത്തിന്റെ   ഒഴിഞ്ഞ  മൂലയില്‍  കൊണ്ട് പോയി നിക്ഷേപിച്ചു  തിരിച്ചു പോരും .ഇതാണ് പതിവ്..! ഒരിക്കല്‍പ്പോലും  അയാള്‍  അതിലേക്ക്  തിരിഞ്ഞു നോക്കുകയോ  അത് ആരൊക്കെ  വായിക്കുന്നുവെന്നോ  ഒരു ജിജ്ഞാസക്ക്  പോലും  നോക്കിയിരുന്നില്ല.അത് വായിച്ചു വായനക്കാര്‍ എന്ത് പറയുന്നു എന്നുള്ളതൊക്കെ അയാളെ സംബന്ധിച്ചിടത്തോളം  അന്യമായിരുന്നു.
                ആ നഗരം ആ കടലാസ് കെട്ടുകള്‍ കണ്ടെത്തുകയും അച്ചടി ശാലയിലെ കറുത്ത മഷി പുരണ്ടു വായനക്കാരുടെ  കൈകളില്‍ എത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല  .പക്ഷെ അയാളുടെ കഥകളിലൂടെ അയാളുടെ നാമം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങി .ആ  കഥകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വായനക്കാരെയും  തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു.അവര്‍ ഓരോ പുതു കഥകള്‍ക്കു വേണ്ടി പുസ്തകശാലയിലേക്ക്  പാഞ്ഞു.  പിന്നെ അവിടെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍  പുതു  സ്റ്റോക്ക്‌ തേടി  വായനക്കാര്‍  നെട്ടോട്ടം ഓടി തുടങ്ങിയത്..... ഒന്നും അയാള്‍ അറിഞ്ഞില്ല  .ഒരു അവാര്‍ഡ്‌ കമ്മിറ്റിക്ക്  അവഗണിക്കാന്‍  ആവാത്ത മഹത്തായ കലാ സൃഷ്ടികളുടെ  ശ്രേണിയിലേക്ക്  അയാളുടെ കൃതികള്‍ കുതിച്ചുയരാന്‍ അധികസമയം  വേണ്ടി വന്നില്ല .പക്ഷെ ഒരു അവാര്‍ഡ്‌ പോലും സ്വീകരിക്കാനോ ഞാന്‍ ആണു  ആ  കഥകളുടെ സൃഷ്ടികര്‍ത്താവ്‌ എന്ന് വിളിച്ചു പറയാനോ  അയാള്‍ ഒരുക്കമല്ലായിരുന്നു....അതുകൊണ്ട് തന്നെ അയാളെ എങ്ങനെ  അനുമോദിക്കുമെന്നോ    ഒരു അവാര്‍ഡ്‌ എങ്കിലും അയാള്‍ക്ക് എങ്ങനെ കൊടുക്കുമെന്നോ അറിയാതെ അവാര്‍ഡ്‌  കമ്മിറ്റികള്‍  ഇരുട്ടില്‍ തപ്പിത്തടഞ്ഞു.             
                 ഒരിക്കല്‍ അയാള്‍ ഒരു കഥ എഴുതാന്‍ തീരുമാനിച്ചു . അയാളുടെ കഥ...! എന്ത് കൊണ്ട് അയാള്‍ അത് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ടു  എന്ന് അയാള്‍ക്കറിയില്ല . അയാള്‍ക്കു  എഴുതാതിരിക്കാനാവുമായിരുന്നില്ല  .  അയാള്‍ എഴുതാന്‍ തുടങ്ങി .ഓരോ വരികള്‍ എഴുതുമ്പോഴും അയാള്‍ ചിലപ്പോള്‍  പൊട്ടിപ്പൊട്ടി ചിരിച്ചു, ചിലപ്പോള്‍ ഒരു  കുഞ്ഞിനെ  പോലെ വാവിട്ടു കരഞ്ഞു. ചില നേരത്ത് അയാളുടെ ശോഷിച്ച ശരീരത്തില്‍ എല്ലുകള്‍  പൊന്തി നാഡി ഞരമ്പുകള്‍ വലിഞ്ഞു മുറുകി, കൈകള്‍ വിറച്ചു എഴുതാനാവാതെ തേങ്ങി തേങ്ങി ആ കടലാസ്സില്‍  തന്നെ മുഖമര്‍ത്തി കരഞ്ഞു.... കണ്ണുനീര്‍ പടര്‍ന്നു അത് വികൃതമായി   ആ കുടുസുമുറിയില്‍ മാത്രമായി  അയാളുടെ ജീവിതം ഒതുങ്ങിക്കൂടി . .അതില്‍ നിന്നു പുറത്തു ഇറങ്ങാതായി .അയാള്‍ അയാളെ തന്നെ മറക്കുകയിരുന്നു....ഇതിനൊക്കെ മാപ്പുസാക്ഷിയായി ആ പൂച്ചയും . അതിന്റെ  കരച്ചിലുകള്‍   അയാള്‍ കേള്‍ക്കാതായി .ദിനങ്ങള്‍  കൊഴിഞ്ഞു പോകവേ, അയാളുടെ ആ കഥ  പൂര്‍ത്തിയായതിനു  ശേഷമാണ് വിശന്നു വലഞ്ഞു ആ പൂച്ച ചത്തൊടുങ്ങിയത് അയാള്‍  അറിഞ്ഞത് .അയാളില്‍ നിന്നും അറിയാതെ  ഒരു നെടുവീര്‍പ്പുയര്‍ന്നു....എങ്കിലും ഒരു പൂര്‍ണ്ണകായ ചന്ദ്രബിംബം  കണ്ട കുട്ടിയെപ്പോലെ അയാളുടെ  കണ്ണില്‍ നിഗൂഡമായ  ഒരു സന്തോഷം നിഴലിച്ചിരുന്നു .

         അവസാനം എഴുതി തീര്‍ന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒരു ഭാണ്ഡത്തില്‍ കുത്തി നിറച്ചു.അയാളുടെ ഓര്‍മ്മകളുടെ  കൂടെ  ആ നാറുന്ന പൂച്ചയുടെ ജഡവും പേറി ആ നഗരത്തിന്റെ ഒഴിഞ്ഞ  കോണിലേക്ക്  നടന്നു .പക്ഷെ ആ കഥ മാത്രം അവിടെ ഉപേക്ഷിച്ചു  പോവാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല .അതില്‍  അയാളുടെ ഹൃദയം ഉണ്ടായിരുന്നു .അതു വെറും കഥ അല്ല ..അതു അയാളുടെ സ്വന്തം  കഥയായിരുന്നു..!  



ഏകാന്തതയെ സ്നേഹിച്ചു അകാലത്തില്‍ പൊലിഞ്ഞു പോയ മഹാനായ  എഴുത്തുകാരന്‍  "സലിന്‍ജര്‍”   ഓര്‍മ്മക്ക് മുന്നില്‍ ഈ വിനീതന്റെ പ്രണാമം

2010, മാർച്ച് 21, ഞായറാഴ്‌ച

.നീയും ഞാനും.


ഒരു മെഴുകുതിരി വെട്ടത്തില്‍
ഉരുകിയൊലിച്ചു നീയറിയാതെ
നിന്റെ സിരകളെ പ്രണയിച്ചും പരിണയിച്ചും-
ചോര സ്ഖലിക്കും നിന്‍ കരള്‍ -
കാണ്ഠത്തിലൊരു തിരി കൊളുത്തുന്നത് --
എന്നഭിലാഷമാണ് !!!.


ആകാശ ചെരുവിലൊരു നക്ഷത്രം മിന്നിയപ്പോള്‍
ശോകമൂകമാം നിന്റെ കറുത്ത നിഴലുകളെ ഞാന്‍
വാരി പുണര്‍ന്നതും ...
എന്റെ വിയര്‍പ്പിന്റെ ഗന്ധത്തില്‍ നീ
കൊക്കുരച്ചതും...
ഒരു കൂരക്കു താഴെ നാലു ചുവരുകള്‍ക്കുള്ളില്‍
ഭിക്ഷയാം പൊതിച്ചോറില്‍ ജീവന്‍ ചാലിച്ചോരുരുള -
രണ്ടായി പകുത്തതും
ഒരു പാനപാത്രത്തില്‍ അളന്നു തൂക്കിയ -
കണ്ണുനീര്‍ പകര്‍ന്നെടുത്തതും
നിന്റെ നെറ്റിതടത്തിലെ ആകുലതകള്‍ -
വിരയാര്‍നോരെന്‍ ‍ചുണ്ടുകൊണ്ട് ഒപ്പിയെടുത്തതും
എന്റെ പരിഭവങ്ങളില്‍, പരിഭ്രമങ്ങളില്‍-
നീയൊരു തെന്നലായി വീശിയതും...
പാതിചാരിയ ജനല്പാളികളിലൂടെ --
അരിച്ച്ഇറങ്ങിയ നിലാവെളിച്ചപോള്‍
നിന്റെ മിഴികളില്‍ തീക്ഷ്ണത നിറച്ചു.
ജീവന്റ്റെ തുടീപ്പുക്കളീല്ലാതെ എന്റെ-
ഉടലില്‍ തമിള്‍ തമിള്‍ ഒട്ടി
വികൃതമാം എന്‍ മുഖത്തോട് തൊട്ടുരുമ്മി..
ആത്മാക്കള്‍ അന്യോന്യം പ്രവഹിച്ചു..
ഹൃദയ മര്‍മ്മരങ്ങള്‍ ചാമരമായി വീശി..
നെഞ്ചിലെ ചൂരില്‍ ചുവന്നു തുടുത്തു..
എന്റെ തഴമ്പ് വന്ന കൈകള്‍ നിന്‍ ശിരസ്സില്‍ തലോടി..
സന്ധി ബാധിച്ച കാലുകള്‍ പിണര്‍ത്തു
നിന്നില്‍ പടര്‍ന്നു- ആലിംഗനങ്ങളില്‍ മുഴുകി
പാതി കൂമ്പിയ കണ്ണുകളോടെ
ശാന്തി വനത്തില്‍ വന്നണഞ്ഞ മാന്‍ പേടയെ പോല്‍
നീ എന്‍ ദേഹത്തില്‍ ഒരു ദാഹമായി
ആത്മ സമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ ഒരു നിമിഷം
എല്ലാം മതികെട്ടു..
ഒരു തൂവല്‍ പക്ഷി ‍ പോല്‍
രണ്ടു ആത്മാക്കള്‍ ഒരു മെയ്യ്യായി നിറഞ്ഞു കവിഞ്ഞുയോഴുകി
നിന്റെ നഗ്ന മേനിയില്‍ ഒരു കീറതുണി പോല്‍
ഞാന്‍ പുതഞ്ഞതും ജീവിതം !!


പുതു പുലരി തന്‍ കനിവായി..
പാഴ് സ്മൃതികളില്‍കരിക്കട്ട പുരട്ടി .
ദ്രവിക്കാത്ത സ്വപ്നങ്ങളില്‍ വെടിക്കോപ്പ് നിറക്കാതെ -
എരിതീയില്‍ എരിഞ്ഞു കത്തി തീരാതെ
അഗ്നി ഗോളങ്ങളുടെ വെയിലേറ്റു വാടിമലര്‍ക്കതെ
നൂറു നൂറു വര്‍ഷങ്ങള്‍ ഒന്നായി ഒഴുകാം
ഒടുവിലത് രണ്ടായി ഒടുങ്ങുന്നതും കാത്തു തുഴയാം
ഒരു ജീവിതം !!!

2010, മാർച്ച് 17, ബുധനാഴ്‌ച

ദു:സ്വപ്നങ്ങള്‍


ഏതോ വിഷദത്താല്‍



എന്നോ ഉറങ്ങിയ



എന്‍ സ്വപ്നങ്ങള്‍ക്ക്



ഒരു സാന്ത്വനമായ്



ഒരു ഉണര്‍ത്തുപാട്ട്  പോലെ



മെല്ലെ മെല്ലെ തഴുകി ഉണര്‍ത്തിയവള്‍



സ്വപനങ്ങള്‍ പങ്കുവച്ചെടുത്തു



ജീവിതം പകരം നല്‍ക്കാമെന്നു വാഗ്ദാനം നല്‍കി



പിന്നെ പിന്നെ എന്നോ .......



പകല്‍ കിനാവുകളില്‍ മാത്രമല്ല



പുലര്‍കാല സ്വപനങ്ങളില്‍ പോലും



കൊടുങ്കാറ്റ് വിതച്ചു



ഭയപെടുത്തും ദു:സ്വപനങ്ങളാക്കി മാറ്റി



പിന്നെ



കാണാമറയത്ത് അവള്‍



എങ്ങോ പോയി മറഞ്ഞു......

2010, മാർച്ച് 7, ഞായറാഴ്‌ച

മായകാഴ്ചകള്‍ !!!

                                              

നടക്കാം നടക്കാം
തെരുവോരം ചേര്‍ന്ന് നടക്കാം .
തെരുവിന്റെ കാഴ്ച കണ്ടു നടക്കാം
തൃസന്ധ്യയോടൊപ്പം കൈ പിടിച്ചു നടക്കാം

മലര്‍ന്നു കിടന്ന് മാനം നോക്കാം
നക്ഷത്രങ്ങളെ നോക്കി കണ്ണ് ചിമ്മാം
മണ്‍തരികളില്‍ ചിത്രം വരയ്ക്കാം
പെയ്തൊഴിഞ്ഞ മേഘത്തോട് വിട പറയാം

ഇരുളിന്റെ ചില്ല് വാതിലില്‍ മുട്ടാം
മുല കച്ചയില്‍ ചുര മാന്താം
ചെന്താമര ചുണ്ടില്‍ കടിക്കാം
അടി വയറ്റില്‍ ഇഴയാം
കാര്‍ കൂന്തല്‍ പുതയ്ക്കാം
മടി ത്തട്ടില്‍ മയങ്ങാം

പുക ചുരുളില്‍ ഉണരാം
കണ്ണീരില്‍ മുഖം കഴുകാം
മാലിന്യത്തില്‍ കുളിക്കാം
ഭണ്ഡാരത്തില്‍ കൈയിട്ട് വരാം
വ്രണത്തില്‍ നാക്കിട്ടു നക്കാം
ജട കൊണ്ട് നാണം മറയ്ക്കാം
മുറി ബീഡിയില്‍ ആത്മ ശാന്തി നേടാം

വരേണ്യ കവിതക്ക് ആസ്വാദനം എഴുതാം
ആസ്ഥാന മന്ദിരത്തിനു മുകളീല്‍ കയറാം
പുരസ്കാരത്തില്‍ മുഖം പുഴ്ത്താം
ഞാനെന്ന ഭാവത്തില്‍ അഹങ്കരിക്കാം
പുഴുക്കുത്തില്‍ തലതല്ലി ചിരിക്കാം

ചുടല പറമ്പില്‍ തീ കായാം
പാമ്പിന്റെ മാളത്തില്‍ ഒളിക്കാം
മൂര്‍ഖന്റെ മൂര്‍ധാവില്‍ കൊത്താം
വിഷുപക്ഷിയുടെ പാട്ട് കേക്കാം
മേഘ പക്ഷിയോടൊപ്പം തേങ്ങാം

വൃദ്ധ സദനങ്ങളില്‍ അതിഥിയാവാം
പേറൊഴിഞ്ഞ ഗര്‍ഭ പാത്രത്തിനു കൂട്ടിരിക്കാം
ഊന്നു വടിയില്‍ നെടുവീര്‍പിടാം
കണ്ടു മടുത്തൊരു കാഴ്ചകള്‍ കണ്ടു -
വീണ്ടും നടക്കാം
വരണ്ടുണങ്ങിയ മണ്ണില്‍ സ്വയം ജീര്‍ണിക്കാം..