Ind disable

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കുഞ്ഞു നക്ഷത്രങ്ങള്‍...!!!

           ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.

       അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ്‌ പൊഴിയുന്നത് പോലെ.

        പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ  നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
    
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട്‌ കിന്നാരം പറഞ്ഞിരുന്നത് ....
 

           ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി. 

                അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.

        അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍
പൊഴിക്കുന്നത്  പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ
കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
          ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ
ആഹ്ലാദം  അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു
നിൽക്കാനോ  ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

                 അച്ചു അവന്റെ ചിറകുകള്‍
അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക്  പറന്നു പോയി ....

          ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം 


            എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്