Ind disable

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!