Ind disable

2010, ഡിസംബർ 30, വ്യാഴാഴ്‌ച

അഗാധത

അഗാധത
തകരന്നു തരിപ്പണമായിങ്ങ്
അടിത്തട്ടിലെത്തുമ്പോഴാണ്
നമ്മളറിയുന്നത്
തകര്‍ച്ചയുടെ
അഗാധത.!!


ഒരു നല്ലനാള്‍ 
ഓരോ നാളും
മധുരം കഴിച്ചു
ശുഭാമായാരംഭിച്ചിരുന്ന
ഇന്നലെകള്‍

നാളെയാവട്ടെ നാളെയാവട്ടെയെന്ന്
നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
ഇന്നത്തെ ഇന്നിനെ
 
ഒരു നല്ലനാള്‍ നോക്കുന്നുണ്ട്
മറ്റൊരു നല്ല നാളത്തേക്ക് .....എല്ലാവര്ക്കും നവവത്സര ആശംസകള്‍!

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ദൂരം......രാവ് ഉറങ്ങി ഉറങ്ങി പകലിലെക്കുള്ള ദൂരമളക്കുന്നു  ! 
അതോ.. 
പകൽ നടന്നു നടന്നു രാവിലേക്ക് തളർന്നു വീഴ്ന്നോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരമൊരുനെട്ടോട്ടമാണ് 
മരണത്തില്‍ നിന്നു പുതു ജന്മത്തിലേക്ക് വരെ ശാന്തമാണോ ?

നീ പറയും പോലെ 
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരം അളന്നു ക്ലിപ്തപ്പെടുത്തി വെച്ചോള്ളൂ 
എന്നാൽ 
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരമൊരു ദൂരമോ ?
ഒന്ന് കണ്ണടച്ച് തുറക്കുന്ന ദൂരം മാത്രം 

എന്നിട്ടും എപ്പോഴാണ്
എനിക്കും നിനക്കുമിടയിലെ
സ്വപ്നങ്ങത്തിൽ നിന്നു ഞാനയറിയാതെ  നീ ഇറങ്ങി പോയത്   

2010, ഡിസംബർ 8, ബുധനാഴ്‌ച

വിശ്വസിച്ചാലും ഇല്ലെങ്കിലുംഅവിശ്വാസിയും വിശ്വാസിയും
അവരവരുടെ വിശ്വാസങ്ങളില്‍
വിശ്വസിക്കുകയും
അവിശ്വസിക്കുകയും
ചെയ്യുമത്രേ !!!

വിശ്വാസി
വിശ്വാസിയവന്റെ  വിശ്വാസങ്ങളില്‍
വിശ്വസിക്കുമെങ്കിലും
അവിശ്വസനീയതയിലെ
വിശ്വാസങ്ങളില്‍ നിന്ന്
മുക്തമാകും ..!!

അവിശ്വാസി
വിശ്വാസത്തിന്റെ തിരസ്കരണം
അവിശ്വാസിയുടെ വിശ്വാസങ്ങളില്‍
ചില്ലപ്പോഴെങ്കിലും  വിശ്വാസത്തിന്റെ
വൈരുധ്യങ്ങള്‍ കണ്ടേക്കാം..!

2010, നവംബർ 24, ബുധനാഴ്‌ച

ചെറിയ കവിതകള്‍


ഉദയം
ഏതോ പായ്ക്കപ്പല്‍ കപ്പിത്താന്റെ
അവധിക്കാല വിനോദം മാത്രമായിരുന്നു
പുതുസംസ്കാരത്തിന്റെ ഉദയം!
-----------------------------------------------------

പ്രത്യയശാസ്ത്രം

പ്രത്യയശാസ്ത്ര പ്രായോഗികതയുടെ പ്രായോജകരറിയുന്നുവോ
പ്രാണന്‍ കുരുങ്ങി ജീവന്‍ വെടിയുന്ന പ്രാവിന്‍റെ ആത്മനോവുകള്‍

വാദ പ്രതിവാദ ഭാഗ സം‌വാദങ്ങള്‍ക്കിടയില്‍ എപ്പോഴോ
നിരാലംബ ജന്മജന്മാന്തരങ്ങള്‍ തളിര്‍ത്തതും തകരുന്നതും ആരറിയാന്‍

---------------------------------------------

സുന്ദര സ്വപനം 

ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോലെ
സുന്ദരവും സരസവുമായ ഒരു സ്വപ്നമാണ്...

2010, നവംബർ 1, തിങ്കളാഴ്‌ച

ചൊറിച്ചില്‍...!!!
ചൊറിച്ചില്‍ ,എനിക്കും ചൊറിച്ചിലായാന്നെന്നു
പറഞ്ഞതാരായെന്നുയറിയാതെ
ഞാനും ചൊറിഞ്ഞുകൊണ്ടേയിരുന്നു

ഓരോ ചൊറിച്ചിലും പിരിച്ചേഴുതുബോഴാന്നു
ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത്

ചൊറിച്ചില്‍ ,

സുഖ ശീതള മുറിയില്‍ അമര്‍ന്നിരുന്ന
പത്രക്കാരന്‍റെ പോക്കറ്റിലെ
പേനക്കുമുണ്ട് .

മാനം മുട്ടെ പറന്നുയരുന്ന
പറവകളുടെ ചിറകിനോട്
കിരണങ്ങള്‍ക്കുമുണ്ട്.

തന്ത്രങ്ങളയറിയുന്ന മന്ത്രിയോടു
മന്ത്രം മാത്രമറിഞ്ഞ തന്ത്രിയുടെ
പൂന്നൂലിന്നുമുണ്ട്

പച്ച പരിഷ്കാരി പെണ്ണിന്‍റെ-
മുട്ടോളം താഴാന്‍ മടിച്ച -
പാവാടയോട് ചാവാലി -
പട്ടിക്കുമൊരു ചൊറിച്ചില്‍

വഞ്ചനയുടെ ലാഞ്ചനയില്‍
പിടഞ്ഞയമരുന്ന പ്രണയത്തിന്റെ
കനവിലൊരു ചൊറിച്ചില്‍

അപഥ സഞ്ചാര പാതയില്‍ നടത്തം
തുടരുന്ന 'സൗഹൃദ കൂട്ടത്തിനു
ഓര്‍മയുടെ ഓളങ്ങളിലൊരു ചൊറിച്ചില്‍


ഏതോ മൌനജാഥ
 ചൊറിഞ്ഞു ഉടച്ച
തെരുവ് പ്രതിമയോടു
 പാറി  പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍

ചുമ്മാ ചൊറിഞ്ഞതായിരുന്നു
ചെന്ന് വീണതോ
ചൊറിഞ്ഞു തൊലിയും നഖവും പോയ
ചെന്നായ കൂട്ടില്‍

എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
വ്രണത്തില്‍ നിന്ന് ചലമോലിച്ചപോള്‍
നായികുരണ രസായന പൊടി പുരട്ടിയാല്‍
മതിയെന്ന് വൈദ്യനായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു

(ചോറിയുന്നവര്‍
തുണിയുരിഞ്ഞു മുരിക്ക്‌ മരത്തില്‍
കയറാമെന്ന് ഒറ്റമൂലി മറന്നിട്ടല്ല ;
ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത് )

ഈ നായികുരണ രസായന പൊടി
എവിടെ കിട്ടും എന്ന് അറിയാതെ
ഞാന്‍ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടേയിരുന്നു

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കുഞ്ഞു നക്ഷത്രങ്ങള്‍...!!!

           ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.

       അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ്‌ പൊഴിയുന്നത് പോലെ.

        പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ  നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
    
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട്‌ കിന്നാരം പറഞ്ഞിരുന്നത് ....
 

           ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി. 

                അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.

        അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍
പൊഴിക്കുന്നത്  പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ
കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
          ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ
ആഹ്ലാദം  അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു
നിൽക്കാനോ  ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

                 അച്ചു അവന്റെ ചിറകുകള്‍
അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക്  പറന്നു പോയി ....

          ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം 


            എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

രണ്ടു കവിതകള്‍
കണ്‍മഷി
ഓര്‍മ്മ  പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍ 
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായാതെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും 
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും..!!
അണക്കെട്ട്
ആ അണക്കെട്ടിനു മറുപുറം 
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന് 
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നു
മുത്തശ്ശി മരിച്ചു, 
അണക്കെട്ടും പൊട്ടി..
പിന്നെ....
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത് 
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് ..!!
 

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഘോഷയാത്ര ... !!!ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി ,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു


വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

മരണപ്പട്ടിക !!!

(സമര്‍പ്പണം: മംഗലാപുരത്ത് വിമാനാപകടത്തില്‍ കത്തിയമര്‍ന്നു  അനാഥമായി ഒന്നിച്ചു  അടക്കം ചെയ്യപെട്ട എട്ടു മൃതശരീരങ്ങള്‍ക്ക് വേണ്ടി..... )

ദാരുണമാം ദുരന്തത്തിന്‍ അന്ത്യത്തില്‍
ഉയര്‍ന്നുപൊങ്ങും പുകച്ചുരുളുകള്‍ക്കുള്ളില്‍,
ക്കുരുങ്ങിക്കിടപ്പുന്ടീ ഞാന്..‍!

 പുക എങ്ങും കറുത്ത പുക
അതിന്‍പടലങ്ങളാല്‍ നീറും കണ്ണുകള്‍
പച്ചമാംസം കത്തിക്കരിഞ്ഞ മണം-
ഇരച്ചു കയറുന്നൂ ശ്വാസനാളത്തില്‍
ചുറ്റും ഉയര്‍ന്നു കേള്‍ക്കുന്നു
ആര്‍ത്തനാദങ്ങളും ആരവങ്ങളും...
ഒരു മയക്കത്തിനന്ത്യത്തില്‍ എല്ലാമേ
പൊടുന്നനെ തീര്‍ന്നുവല്ലോ!

അസ്ഥികള്‍ നുറുങ്ങി, ദേഹം മുറിഞ്ഞു
വാര്‍ന്നൊലിക്കുന്നൂ രക്തമെങ്ങും
വേദന! വേദന മാത്രം നിഴലിക്കുന്നു
ചലിക്കുന്നില്ല കൈകാലുകള്‍ -
കുരുങ്ങിക്കിടക്കുന്നേതോ ശവത്തിന്നടിയില്‍

എന്തോ,എന്നിലൊരു ജീവന്‍ ബാക്കിയെന്നോ?
എന്തോ എന്നിലൊരു ഹൃദയം സ്പന്ദിക്കുന്നുവെന്നോ?
ഇല്ല, നീയെന്നല്ല ആരും കാണില്ല
എന്റെയീ ഒടുക്കത്തെ നിശ്വാസവും
എന്നില്‍നിന്നൊരു ജീവന്‍ ഊര്‍ന്നുപോകുന്നതും

ഞാന്‍ ഏതെന്നും എന്തെന്നും നീ അറിയില്ല  ..
നിന്റെ സ്വീകരണമുറിയിലെ ചാനല്‍ -
ക്യാമറയില്‍ എന്റെയീ മുഖം പതിയില്ല ..
നാളത്തെ പത്രത്താളിലെ ' മരണപ്പട്ടികയില്‍'
എന്റെ നാമവും നാടും വയസ്സും തെളിയില്ല ..!2010, ജൂലൈ 14, ബുധനാഴ്‌ച

പഞ്ച(തന്ത്ര)കഥകള്‍.....

അടയാളം
"ഹലോ , എവിടെ എത്തി ? പുറപ്പെട്ടോ?"
"ഹേയ് ഇല്ല.ഇപ്പൊ പുറപ്പെടും,
നല്ല മഴാ ...അത്  ഒന്ന് കുറഞ്ഞാല്‍  നാലഞ്ച് മണിക്കൂറിനുള്ളില്‍ അവിടെ എത്തും' ആ നഗരത്തില്‍ എത്തിയാല്‍ എങ്ങനെ നിന്റെ വീട് തിരിച്ചറിയും ?വല്ല അടയാളവും ഉണ്ടോ ?".
"അത് പ്രോബ്ലം ഒന്നുമല്ല. ...ഇവിടെ എത്തുമ്പോള്‍ തന്നെ നീണ്ടു പരന്നു കിടക്കുന്ന റോഡില്‍ ഒരു കുഴി ഉണ്ട് അതിനു നടുവില്‍ ഒരു വാഴയും വെച്ചിട്ടുണ്ട് , അത് ആണ് അടയാളം "
പക്ഷെ നമ്മുടെ മന്ത്രി പ്രഖ്യാപിച്ച അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നിക്കത്തുന്ന കുഴിയില്‍ ഇത് പെടുമോ എന്തോ ?.
 
കടപാട് : ഒരു മന്ത്രിയോടും അല്ല ....


ലേബല്‍

ഒരു ഊരുതെണ്ടി തന്റെ ജീവിതം റെയില്‍ പാളത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.അതുവരെ കരുതി വെച്ച മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഒരു കോറത്തുണി വാങ്ങി തയ്യല്‍ കടയിലേക്ക് നടന്നു.അത് വരെ കുപ്പായം ധരിക്കാതിരുന്ന അയാള്‍ ഒരു കുപ്പായം തയ്പ്പിക്കാനും ആ തയ്യല്‍ കടയുടെ പേര് അതില്‍ തുന്നി വെക്കാന്‍ ആവശ്യപ്പെടാനും മറന്നില്ല..


കടപാട് :എന്നോട്  തന്നെ .......മരിക്കുന്നതിനു   മുന്പ്  സ്വന്തം  ലേബല്‍  നാല് ആളുകള്‍ അറിയണമെന്ന ആഗ്രഹത്തില്‍ കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്നു . 


ഹര്‍ത്താല്‍
ഗംഭീര പ്രവചനങ്ങള്‍ നടത്തിയ നീരാളിയുടെ പ്രവചനങ്ങളില്‍ വിറളി പൂണ്ട പച്ച തത്തമ്മ ജോലി നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ സെക്രറ്ററിയേറ്റു നടയില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി.പച്ച തത്തമ്മയോട് അനുഭാവം പ്രകടിപ്പിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍
ജയ് ജയ് കേരളം .ജയ് ജയ് പച്ച തത്തമ്മ .....ജയ് ജയ് ഹര്‍ത്താല്‍ ... !!!

കടപാട് :നീരളിയോടു ..പാവം നീരാളി ഇത് ഒന്നും അറിയില്ല


വിശേഷം

"എന്നായുണ്ട്‌ വിശേഷം ?"
"സുഖം തന്നെ .അവിടെയോ ?"
"അവിടത്തെ പോലെ ഇവിടെയും സുഖം ,പരമ സുഖം "
പിന്നെ എന്താണാവോ .ഈ ലോകത്തിനു മാത്രം ഇത്ര സുഖക്കേട്‌ ?"

കടപാട് :മറന്നുപോയത്‌ ജീവിതമെന്ന് തിരിച്ചറിയുന്നതിനാല്‍ പ്രവാസത്തിന്റെ ഷരപ്രവാഹങ്ങളില്‍ സ്വയം ഒഴുകാന്‍ വിധിക്കപ്പെട്ടവനായ പി. ശിവപ്രസാദ്‌ എന്ന മൈനാഗന്(ശിവേട്ടന് ) 

സന്തുഷ്ട കുടുംബം
ഒരു ചാനല്‍ പ്രൊഡ്യൂസര്‍ പുതിയ ഒരു പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നു കുറച്ചു മാസങ്ങളായി . പ്രോഗ്രാമിന്റെ പേര് സന്തുഷ്ട കുടുംബം ...വളരെ പ്രശസ്തരുടെ കുടുബ ജീവിതത്തിന്റെ വിജയത്തിലേക്ക് ഒരു എത്തി നോട്ടം ...അതിന്റെ തിരക്കിനിടയില്‍ വീട്ടു കാര്യമൊക്കെ മറന്നു പോയി...നൂറു എപ്പിസോഡ് പിന്നിട്ടു പ്രോഗ്രാമിന്റെ വിജയത്തിന്റെ സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു

കടപാട് :മുന്പ് എന്നോ വനിതയില്‍ വന്ന സന്തുഷ്ട കുടുംബം എന്നെ പങ്ക്തിയോടു

2010, ജൂലൈ 4, ഞായറാഴ്‌ച

വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു 

2010, മേയ് 26, ബുധനാഴ്‌ച

കാലം ‍...!!!


ഇന്നലെ പെയ്ത പേമാരിയുടെ
പ്രളയത്തില്‍
കാലത്തിന്റെ പ്രണയവും
സ്വപനങ്ങളും അവളോടെപ്പം
ഒലിച്ചു പോയി .

ഇന്ന് പെയ്യുന്ന
നൂല്‍മഴയിലൊന്നില്‍
കഴുത്ത് കുരുക്കി
ആത്മഹത്യക്കൊരു കാലം

നാളെ പെയ്യുന്ന തീ മഴയുടെ
അഗ്നിയില്‍
ചിതയും ചിതാഭസ്മവും
അസ്ഥിമാടവും
സ്മൃതി മണ്ഡലവും
വിസ്മൃതിയിലാണ്ടു
ദഹിച്ചു വെണ്ണീരാവണംവാല്‍കഷണം :ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ ‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ......

2010, മേയ് 11, ചൊവ്വാഴ്ച

എഴുതാപുറം ..!!!അയാള്‍ വായിയ്ക്കുകയായിരുന്നു
വരികളും വരികള്‍ക്കിടയിലൂടെ
കൈ വിരല്‍ വെച്ച് വായിയ്ക്കുകയായിരുന്നു

വരികളുടെ അര്‍ത്ഥങ്ങളും കടന്ന്
പുതു പൊരുള്‍ തേടി
വരികള്‍ക്ക് ഇടയില്‍ അയാള്‍ ആണ്ടു ഇറങ്ങി

അയാളെ പൊളിച്ച പൊരുളുകള്‍
അയാളുടെ ആര്‍ദ്രമാം
മനസില്‍ ഉറക്കെ ചോദിച്ചു പോയി

അത് അയളുടെ നെഞ്ചകം പിളര്‍ന്നൊലിച്ച
ചോര ചാലുകള്‍ പടര്‍ന്ന് ഒഴുക്കി -
കടലാസ് മുഴുവന്‍ വികൃതമാക്കി

പിന്നെ പിന്നെ
വരികള്‍ക്കിടയിലെ പൊരുള്‍
അയാള്‍ വായിയ്ക്കാതെയായി

പോകെ പോകെ
വരികളെ തന്നെ അയാള്‍ അവഗണിക്കാന്‍ ആരംഭിച്ചു

2010, മേയ് 2, ഞായറാഴ്‌ച

പാതകള്‍ ...!!!

വഴിയാത്രക്കിറങ്ങി ഞാന്‍
വെറും കൈയോടെ ..
കരുതി വെക്കാന്‍ കനവുകള്‍ ‍ മാത്രം .

താണ്ടുവാന്‍ എമ്പാടുമുണ്ട് പാതകള്‍
ഒറ്റ അടി പാതകളും കൈവഴികളും
മണ്‍ പാതകളും രാജ പാതകളും
ഒന്ന് വേറെ വേറെ

ചെന്നെത്തു ചുഴികളും‍
ഇറക്കവും കയറ്റവും
വളവും തിരിവും നേര്‍ പാതകളും
ഒന്ന് വേറെ വേറെ
മുമ്പേ പോയവരോടെപ്പമെത്താന്‍ ഞാന്‍ പാഞ്ഞു
പിമ്പേ വരുന്നവരെ കാത്തു നില്‍ക്കാതെ ഞാന്‍ ഓടി
ഗതിയില്‍ ഒഴുകിയവരും ഗതിമാറി ഒഴുകിയവരും -
ചുമടു താങ്ങിയവരും ചുമന്നു മാറിയവരും
ഒന്ന് വേറെ വേറെ

നിരങ്ങി നീങ്ങിയവരും കുതിച്ചു പാഞ്ഞുവരും -
വിശ്വാസിയും അവിശ്വാസിയും
ഒന്ന് വേറെ വേറെ.....
വേറെയാണെങ്കിലും ഒഴുകുന്നത് ഒഴുകുനത് ഒരേ ദിക്കില്‍ -

തന്നിലേക്ക് ചാഞ്ഞ മരങ്ങള്‍-
മുറിച്ചു മാറ്റുന്നു ചിലര്‍
തളിര്‍ത്ത ഇളം തണലിനെ-
തന്നിലേക്ക് ഏറ്റു വീഴ്ത്തുന്നു മറ്റു ചിലര്‍ -
മിന്നല്‍ പിണര്‍പ്പാകുന്നു ചിലര്‍ -
ഇതിഹാസങ്ങള്‍ തീര്ക്കുന്നു മറ്റു ചിലര്‍
പോരാട്ട വീര ചരിത കഥകള്‍
വെയിലേറ്റു വാടാതെ കാക്കുന്നു ചിലര്‍
വിശ്രമികുന്നു ചിലര്‍
വിശ്രമ വേളകള്‍, ആനന്ദകരമാക്കുന്നു മറ്റു ചിലര്‍ -

അഗതികള്ക്ക് സ്വാന്തനമാക്കുന്നവര്‍ -
പിച്ച പാത്രത്തില്‍ കൈയിടുന്നവര്‍-
വഴി മദ്ധ്യേ പിരിഞ്ഞു പോയവര്‍ -
പാതിവഴിക്ക്‌ നിര്‍ത്തിയവര്‍
ഒപ്പം നടന്നവര്‍
പെരുവഴിലായവരെത്രയെത്ര ?

എല്ലാത്തിനും ഒടുവില്‍
വിരമിച്ച ശരീരങ്ങള്‍ തെന്നി മാറി
അപഹഹരിക്കപ്പെട്ട ആത്മാക്കള്‍
പുതു പാതകള്‍ പിന്നിട്ട്
പുതിയ ലോകം തേടി പോകുന്നു

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അയാളുടെ പ്രാര്‍ത്ഥന


ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്....കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .
           കാലചക്രത്തിന്റെ കലണ്ടറില്‍ നിന്നും മാഞ്ഞു പോയ വര്‍ഷങ്ങള്‍ അയാളില്‍ അവശേഷിപ്പിച്ചത്, കഷണ്ടി കയറിയ തലയും താടിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നരച്ച രോമങ്ങളും, ഒരു കൊച്ചു വീടും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും പിന്നെ കുറെ കടങ്ങളും മാത്രം....ഒരു സര്‍ക്കാര്‍ ആപ്പീസിലെ സാദാ ക്ലാര്‍ക്കിന്റെ ജീവിത്തില്‍ നിന്ന് അതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്? അത് കൊണ്ട് തന്നെ അതിന്റെ എല്ലാ പരാധീനതകളും അയാളില്‍ എപ്പോഴും പ്രകടമായിരുന്നു .
          ഭാര്യയുടെ ഉച്ചത്തിലുള്ള പിറുപിറുക്കലും പാത്രങ്ങളുടെ കലമ്പലുമാണ് അയാളെ കഴിഞ്ഞ കാലത്തില്‍ നിന്നും ഉണര്‍ത്തിയത് .അപ്പോഴാണ് അയാള്‍ക്കു സ്ഥലകാലബോധം ഉണ്ടായത്.വേഗം ചാടിയെഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു .എത്രയും വേഗം ആപ്പീസിലേക്ക് പോവണം എന്ന ചിന്തയില്‍, ധൃതിയില്‍ കുളിയും മറ്റുംനടത്തി. വൈകി എത്തിയാല്‍ ചുവക്കുന്ന മേലധികാരിയുടെ മുഖം എല്ലാത്തിലും ധൃതിപ്പെടാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുളിയും വസ്ത്രം മാറലും കഴിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍,സമയത്തിന് എന്താണിത്ര വേഗത എന്നാണ് അയാള്‍ ആലോചിച്ചത്.ഊണുമേശയില്‍ നിരത്തിയ പ്രാതല്‍ കഴിച്ചെന്നു വരുത്തി അയാള്‍ വേഗം ഇറങ്ങി നടന്നു.ഭാര്യയുടെ പിന്‍വിളികളെ അവഗണിച്ചു...... പാതി നടന്നും ഓടിയും അയാള്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പോകുമ്പോഴും ബസ്‌ പോയിട്ടുണ്ടാവരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
           എന്നാല്‍, അയാള്‍ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോഴേക്കും ബസ്സ്‌ , സ്റ്റോപ്പില്‍ എത്തി കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തോടെ അയാള്‍ റോഡിലേക്ക് ഇറങ്ങിയതും ബസ്സ്‌ മുന്നില്‍ എത്തിയതും അറിയാതെ കൈകള്‍ നീട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു. അയാള്‍ ആ ബസ്സിലേക്കു ധൃതിയോടെ ഓടിക്കയറി. പിന്നെ വാച്ചിലേക്കു നോക്കി, സമയം അതിക്രമിച്ചിരിക്കുന്നു. മേലധികാരിയുടെ ക്ഷോഭിച്ച മുഖം അയാളുടെ മനോമുരുകത്തില്‍ തെളിഞ്ഞു വന്നു. എത്രയും വേഗം എത്തിയാല്‍ മതിയായിരുന്നു എന്നായി അയാളുടെ അടുത്ത പ്രാര്‍ത്ഥന,
             പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ്‌ എത്തുമ്പോഴും ഈ ബസ്സ്‌ ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന !

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

നിധി (കഥ)


അയാള്‍ക്ക് ഒരു നിധി കിട്ടി .ഒരു നിധിയെ തേടി അയാള്‍ക്ക് പോവാന്‍ കഴിയുമായിരുന്നിലെങ്കിലും നിധി അയാളെ തേടി വരികയായിരുന്നു .അത് കളഞ്ഞുകിട്ടിയ മാണിക്യമായിരുന്നതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ മാത്രം ഒന്നും അതില്‍ ഒരു മഹാത്മ്യവും അയാള്‍ കണ്ടില്ല, അതുകൊണ്ട് തന്നെ തെല്ലും
ഭാവ വേദവും ഉള്ളവായാതുമില്ല എങ്കിലും നിധി കിട്ടിയവന്റെ സന്തോഷത്തേക്കാള്‍ ഉപരിയായി നഷ്ടപ്പെട്ടു പോകുബോള്‍ ഉണ്ടാവുന്ന നൊമ്പരമായിരുന്നു അയാളുടെ മനസ്സില്‍ ഒരു വെളിപാട്‌ പോലെ വേട്ടയാടിയത് . പാതി വഴിയില്‍ എന്നോ ഉറങ്ങിയ അയാളുടെ സ്വപ്നപാതകള്‍ ആ നിധി സ്വായത്തമാക്കാന്‍ അതിക സമയം എടുത്തില്ല . അതില്‍ ഒരു ചെറു കൂടൊരുക്കി ചേക്കേറിയത് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.

   പിന്നെ എപ്പോഴോ നിധിയെ അയാള്‍ ഇഷ്ടപെടാന്‍ തുടങ്ങി. മനസ്സില്‍ ഒരു മാണിക്യചെപ്പു പണിതു അമൂല്യമായ രത്നങ്ങളെ പോലെ ആരും കാണാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ച് ഒരു നിധി കാക്കുന്ന ഭൂതമായി മാറി ‍ പുതിയ സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടികൂട്ടി കൊണ്ടിരുന്നു . വന്‍ മതിലുകളാല്‍ കോട്ട കൊത്തളങ്ങള്‍ ‍ നിര്‍മ്മിച്ച്‌, ആയിരം കണ്ണുകള്‍ മുഴുക്കെ തുറന്നു വെച്ച്, നീരാളിയെപ്പോലെ കൈകള്‍ വിടര്‍ത്തി ആ കോട്ടയുടെ മതിലുകളില്‍ പടര്‍ന്നു പന്തലിച്ചു.കഴുകനെ പോലെ ചിറകുകള്‍ വിടര്‍ത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു ആ നിധിക്ക് കാവലാളായി.
ഉദയാസ്തമയങ്ങളും ദിനങ്ങള്‍ ‍ കൊഴിഞ്ഞതും മാസങ്ങള്‍ മാറി മറഞ്ഞതും ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. സൂര്യനു ചുറ്റും കറങ്ങുന്ന ഒരു പുതു ഗ്രഹം പോലെ, പൂവിനു ചുറ്റും വലംവെക്കുന്ന വണ്ടിനെപ്പോലെ അയാളുടെ സഞ്ചാര ബ്രമന്നത്തില്‍ രാപ്പകലുകള്‍ കൊഴിഞ്ഞു വീണുവെങ്കിലും എന്തൊക്കെയോ നേടിയവന്റെ മന്ദഹാസം അയാളുടെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
പക്ഷേ ആ നിധി അയാളെ തേടി വന്നത് പോലെ അത് നഷ്ട്ട പെട്ട് പോവാനും അധിക സമയം എടുത്തില്ല എന്നതാന്നു നേര്. അത് ഒരു കരികട്ട മാത്രമാ യിരുനുവെന്നും ഊര്‍ജവും ഉത്ല്സാഹവും നഷ്ടാമായി ബാകി വന്നത് ഉറുമ്പ് അരിച്ചു അരിച്ചു വെറും ചാരമായി മാറ്റിയ ഹൃദയഭേദകം കാഴ്ച കാണുമ്പോഴേക്കും അയാള്‍ക്ക് ഒന്നും ചെയ്യാനാവാതത്ര വൈകിപ്പോയിരുന്നു

2010, മാർച്ച് 30, ചൊവ്വാഴ്ച

അയാള്‍ കഥ എഴുതുകയായിരുന്നു (കഥ )

             
               അയാള്‍ എഴുതുകയായിരുന്നു.മനസിന്റെ  മായിക  പ്രപഞ്ചത്തിന്റെ   അതിവരമ്പുകള്‍  കടന്ന്   ആകാശത്തിലെ  അതിവിസ്മയ കാഴ്ചകളായ അനന്ത വിഹായസുകളുടെ   ഉള്‍തുടിപ്പുകളെ   തൊട്ടറിഞ്ഞു  അയാള്‍ എഴുതിക്കൊണ്ടേയിരുന്നു.ശരറാന്തലിന്റെ ഇരുണ്ട  വെട്ടത്തില്‍ അയാള്‍ സ്വയം സൃഷ്ടിച്ചെടുത്ത  ഏകാന്തതയോടെ  ആ കുടുസു മുറിയിലെ  ഒരു മൂലയിലെ പീഠത്തിനു മുകളില്‍  കൂനിക്കുനിഞ്ഞിരുന്നു  മുഷിഞ്ഞ  കടലാസുകളില്‍ കാലം  വരുത്തിയ  വിറക്കുന്ന കൈകളോടെ    അയാള്‍   എഴുതുകയായിരുന്നു.  കൂട്ടായി  ഒരു പൂച്ചയും..... അതിരാവിലെ   ഉണരും  അയാള്‍ അല്‍പ സമയം,അവര്‍ക്ക്   മാത്രം അറിയുന്ന ഭാഷയില്‍ അവര്‍ പരസ്പരം  സംസാരിക്കും .അയാള്‍  ആരോടെങ്കിലും  സംസാരിക്കുന്നുവെങ്കില്‍   അത്  ആ  പൂച്ചയോട്   മാത്രമാണ്  .അയാള്‍ക്ക്  വേറെ ആരുമില്ലായിരുന്നു, ആ പൂച്ചയല്ലാതെ....പൂച്ചക്കും അതുപോലെ തന്നെ .       
             പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും നടക്കാന്‍ ഇറങ്ങും. ആ   സമയത്താണ് അയാള്‍ ആ നഗരത്തെയും നഗരത്തിലെ ജനത്തെയുംഅറിയുന്നത്. ഈ നഗരത്തില്‍ ആണ് ജീവിക്കുന്നത്  എന്ന് അവരെ ഓര്‍മിപ്പിക്കുന്നത്‌  .തെരുവിലൂടെ  നടന്നു പോകുന്നവര്‍ വല്ലതും  കൊടുത്താല്‍   അത് കൈനീട്ടി വാങ്ങി, ഒരു നന്ദി വാക്ക് പോലും പറയാതെ നടന്നകലും. പിന്നെ  പോകുന്നത്  പഴയകടലാസ് കച്ചവടക്കടയിലേക്കാണ്..അവിടെ  പോയി  മുഷിഞ്ഞു  ആര്‍ക്കും വേണ്ടാത്ത കടലാസുകള്‍  പെറുക്കിയെടുത്തു  കുടുസു മുറിയിലേക്ക് തിരിച്ചു നടക്കും. ആ  നാട്ടുകാര്‍ക്ക് ആര്‍ക്കും   അയാളെ  കുറിച്ചറിയില്ല.എവിടെ നിന്നു വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ഒന്നും  ആര്‍ക്കും അറിയില്ല  . നഗരത്തിന്റെ  സ്പന്ദനങ്ങളെ    അറിഞ്ഞിരുന്നില്ല  .അറിയാന്‍  ശ്രമിച്ചില്ല   എന്ന്  പറയുന്നതാവും കൂടുതല്‍  ഉത്തമം .
         
              തിരിച്ചു  വന്നു    വീണ്ടും  എഴുതാന്‍  തുടങ്ങും  .വരികള്‍ക്കിടയിലോ വാക്കുകള്‍ക്കിടയിലോ  ഒരിക്കലും    ശങ്കിച്ചു നില്‍ക്കേണ്ടി വന്നിരുന്നില്ല .  അത് ഒരു  അനര്‍ഘളമായി  ഒഴുകുന്ന നദി  പോലെ  അയാളിലേക്ക്  പ്രവഹിച്ചു, കടലാസുകളില്‍ നിറഞ്ഞു .ഓരോ  കഥ  എഴുതി തീരുമ്പോഴും ആ മുറിയില്‍  പറന്നു കിടക്കുന്ന കടലാസുകള്‍   പെറുക്കിക്കെട്ടി ആ  നഗരത്തിന്റെ   ഒഴിഞ്ഞ  മൂലയില്‍  കൊണ്ട് പോയി നിക്ഷേപിച്ചു  തിരിച്ചു പോരും .ഇതാണ് പതിവ്..! ഒരിക്കല്‍പ്പോലും  അയാള്‍  അതിലേക്ക്  തിരിഞ്ഞു നോക്കുകയോ  അത് ആരൊക്കെ  വായിക്കുന്നുവെന്നോ  ഒരു ജിജ്ഞാസക്ക്  പോലും  നോക്കിയിരുന്നില്ല.അത് വായിച്ചു വായനക്കാര്‍ എന്ത് പറയുന്നു എന്നുള്ളതൊക്കെ അയാളെ സംബന്ധിച്ചിടത്തോളം  അന്യമായിരുന്നു.
                ആ നഗരം ആ കടലാസ് കെട്ടുകള്‍ കണ്ടെത്തുകയും അച്ചടി ശാലയിലെ കറുത്ത മഷി പുരണ്ടു വായനക്കാരുടെ  കൈകളില്‍ എത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല  .പക്ഷെ അയാളുടെ കഥകളിലൂടെ അയാളുടെ നാമം ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങി .ആ  കഥകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വായനക്കാരെയും  തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു.അവര്‍ ഓരോ പുതു കഥകള്‍ക്കു വേണ്ടി പുസ്തകശാലയിലേക്ക്  പാഞ്ഞു.  പിന്നെ അവിടെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍  പുതു  സ്റ്റോക്ക്‌ തേടി  വായനക്കാര്‍  നെട്ടോട്ടം ഓടി തുടങ്ങിയത്..... ഒന്നും അയാള്‍ അറിഞ്ഞില്ല  .ഒരു അവാര്‍ഡ്‌ കമ്മിറ്റിക്ക്  അവഗണിക്കാന്‍  ആവാത്ത മഹത്തായ കലാ സൃഷ്ടികളുടെ  ശ്രേണിയിലേക്ക്  അയാളുടെ കൃതികള്‍ കുതിച്ചുയരാന്‍ അധികസമയം  വേണ്ടി വന്നില്ല .പക്ഷെ ഒരു അവാര്‍ഡ്‌ പോലും സ്വീകരിക്കാനോ ഞാന്‍ ആണു  ആ  കഥകളുടെ സൃഷ്ടികര്‍ത്താവ്‌ എന്ന് വിളിച്ചു പറയാനോ  അയാള്‍ ഒരുക്കമല്ലായിരുന്നു....അതുകൊണ്ട് തന്നെ അയാളെ എങ്ങനെ  അനുമോദിക്കുമെന്നോ    ഒരു അവാര്‍ഡ്‌ എങ്കിലും അയാള്‍ക്ക് എങ്ങനെ കൊടുക്കുമെന്നോ അറിയാതെ അവാര്‍ഡ്‌  കമ്മിറ്റികള്‍  ഇരുട്ടില്‍ തപ്പിത്തടഞ്ഞു.             
                 ഒരിക്കല്‍ അയാള്‍ ഒരു കഥ എഴുതാന്‍ തീരുമാനിച്ചു . അയാളുടെ കഥ...! എന്ത് കൊണ്ട് അയാള്‍ അത് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ടു  എന്ന് അയാള്‍ക്കറിയില്ല . അയാള്‍ക്കു  എഴുതാതിരിക്കാനാവുമായിരുന്നില്ല  .  അയാള്‍ എഴുതാന്‍ തുടങ്ങി .ഓരോ വരികള്‍ എഴുതുമ്പോഴും അയാള്‍ ചിലപ്പോള്‍  പൊട്ടിപ്പൊട്ടി ചിരിച്ചു, ചിലപ്പോള്‍ ഒരു  കുഞ്ഞിനെ  പോലെ വാവിട്ടു കരഞ്ഞു. ചില നേരത്ത് അയാളുടെ ശോഷിച്ച ശരീരത്തില്‍ എല്ലുകള്‍  പൊന്തി നാഡി ഞരമ്പുകള്‍ വലിഞ്ഞു മുറുകി, കൈകള്‍ വിറച്ചു എഴുതാനാവാതെ തേങ്ങി തേങ്ങി ആ കടലാസ്സില്‍  തന്നെ മുഖമര്‍ത്തി കരഞ്ഞു.... കണ്ണുനീര്‍ പടര്‍ന്നു അത് വികൃതമായി   ആ കുടുസുമുറിയില്‍ മാത്രമായി  അയാളുടെ ജീവിതം ഒതുങ്ങിക്കൂടി . .അതില്‍ നിന്നു പുറത്തു ഇറങ്ങാതായി .അയാള്‍ അയാളെ തന്നെ മറക്കുകയിരുന്നു....ഇതിനൊക്കെ മാപ്പുസാക്ഷിയായി ആ പൂച്ചയും . അതിന്റെ  കരച്ചിലുകള്‍   അയാള്‍ കേള്‍ക്കാതായി .ദിനങ്ങള്‍  കൊഴിഞ്ഞു പോകവേ, അയാളുടെ ആ കഥ  പൂര്‍ത്തിയായതിനു  ശേഷമാണ് വിശന്നു വലഞ്ഞു ആ പൂച്ച ചത്തൊടുങ്ങിയത് അയാള്‍  അറിഞ്ഞത് .അയാളില്‍ നിന്നും അറിയാതെ  ഒരു നെടുവീര്‍പ്പുയര്‍ന്നു....എങ്കിലും ഒരു പൂര്‍ണ്ണകായ ചന്ദ്രബിംബം  കണ്ട കുട്ടിയെപ്പോലെ അയാളുടെ  കണ്ണില്‍ നിഗൂഡമായ  ഒരു സന്തോഷം നിഴലിച്ചിരുന്നു .

         അവസാനം എഴുതി തീര്‍ന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒരു ഭാണ്ഡത്തില്‍ കുത്തി നിറച്ചു.അയാളുടെ ഓര്‍മ്മകളുടെ  കൂടെ  ആ നാറുന്ന പൂച്ചയുടെ ജഡവും പേറി ആ നഗരത്തിന്റെ ഒഴിഞ്ഞ  കോണിലേക്ക്  നടന്നു .പക്ഷെ ആ കഥ മാത്രം അവിടെ ഉപേക്ഷിച്ചു  പോവാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല .അതില്‍  അയാളുടെ ഹൃദയം ഉണ്ടായിരുന്നു .അതു വെറും കഥ അല്ല ..അതു അയാളുടെ സ്വന്തം  കഥയായിരുന്നു..!  ഏകാന്തതയെ സ്നേഹിച്ചു അകാലത്തില്‍ പൊലിഞ്ഞു പോയ മഹാനായ  എഴുത്തുകാരന്‍  "സലിന്‍ജര്‍”   ഓര്‍മ്മക്ക് മുന്നില്‍ ഈ വിനീതന്റെ പ്രണാമം

2010, മാർച്ച് 21, ഞായറാഴ്‌ച

.നീയും ഞാനും.


ഒരു മെഴുകുതിരി വെട്ടത്തില്‍
ഉരുകിയൊലിച്ചു നീയറിയാതെ
നിന്റെ സിരകളെ പ്രണയിച്ചും പരിണയിച്ചും-
ചോര സ്ഖലിക്കും നിന്‍ കരള്‍ -
കാണ്ഠത്തിലൊരു തിരി കൊളുത്തുന്നത് --
എന്നഭിലാഷമാണ് !!!.


ആകാശ ചെരുവിലൊരു നക്ഷത്രം മിന്നിയപ്പോള്‍
ശോകമൂകമാം നിന്റെ കറുത്ത നിഴലുകളെ ഞാന്‍
വാരി പുണര്‍ന്നതും ...
എന്റെ വിയര്‍പ്പിന്റെ ഗന്ധത്തില്‍ നീ
കൊക്കുരച്ചതും...
ഒരു കൂരക്കു താഴെ നാലു ചുവരുകള്‍ക്കുള്ളില്‍
ഭിക്ഷയാം പൊതിച്ചോറില്‍ ജീവന്‍ ചാലിച്ചോരുരുള -
രണ്ടായി പകുത്തതും
ഒരു പാനപാത്രത്തില്‍ അളന്നു തൂക്കിയ -
കണ്ണുനീര്‍ പകര്‍ന്നെടുത്തതും
നിന്റെ നെറ്റിതടത്തിലെ ആകുലതകള്‍ -
വിരയാര്‍നോരെന്‍ ‍ചുണ്ടുകൊണ്ട് ഒപ്പിയെടുത്തതും
എന്റെ പരിഭവങ്ങളില്‍, പരിഭ്രമങ്ങളില്‍-
നീയൊരു തെന്നലായി വീശിയതും...
പാതിചാരിയ ജനല്പാളികളിലൂടെ --
അരിച്ച്ഇറങ്ങിയ നിലാവെളിച്ചപോള്‍
നിന്റെ മിഴികളില്‍ തീക്ഷ്ണത നിറച്ചു.
ജീവന്റ്റെ തുടീപ്പുക്കളീല്ലാതെ എന്റെ-
ഉടലില്‍ തമിള്‍ തമിള്‍ ഒട്ടി
വികൃതമാം എന്‍ മുഖത്തോട് തൊട്ടുരുമ്മി..
ആത്മാക്കള്‍ അന്യോന്യം പ്രവഹിച്ചു..
ഹൃദയ മര്‍മ്മരങ്ങള്‍ ചാമരമായി വീശി..
നെഞ്ചിലെ ചൂരില്‍ ചുവന്നു തുടുത്തു..
എന്റെ തഴമ്പ് വന്ന കൈകള്‍ നിന്‍ ശിരസ്സില്‍ തലോടി..
സന്ധി ബാധിച്ച കാലുകള്‍ പിണര്‍ത്തു
നിന്നില്‍ പടര്‍ന്നു- ആലിംഗനങ്ങളില്‍ മുഴുകി
പാതി കൂമ്പിയ കണ്ണുകളോടെ
ശാന്തി വനത്തില്‍ വന്നണഞ്ഞ മാന്‍ പേടയെ പോല്‍
നീ എന്‍ ദേഹത്തില്‍ ഒരു ദാഹമായി
ആത്മ സമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ ഒരു നിമിഷം
എല്ലാം മതികെട്ടു..
ഒരു തൂവല്‍ പക്ഷി ‍ പോല്‍
രണ്ടു ആത്മാക്കള്‍ ഒരു മെയ്യ്യായി നിറഞ്ഞു കവിഞ്ഞുയോഴുകി
നിന്റെ നഗ്ന മേനിയില്‍ ഒരു കീറതുണി പോല്‍
ഞാന്‍ പുതഞ്ഞതും ജീവിതം !!


പുതു പുലരി തന്‍ കനിവായി..
പാഴ് സ്മൃതികളില്‍കരിക്കട്ട പുരട്ടി .
ദ്രവിക്കാത്ത സ്വപ്നങ്ങളില്‍ വെടിക്കോപ്പ് നിറക്കാതെ -
എരിതീയില്‍ എരിഞ്ഞു കത്തി തീരാതെ
അഗ്നി ഗോളങ്ങളുടെ വെയിലേറ്റു വാടിമലര്‍ക്കതെ
നൂറു നൂറു വര്‍ഷങ്ങള്‍ ഒന്നായി ഒഴുകാം
ഒടുവിലത് രണ്ടായി ഒടുങ്ങുന്നതും കാത്തു തുഴയാം
ഒരു ജീവിതം !!!

2010, മാർച്ച് 17, ബുധനാഴ്‌ച

ദു:സ്വപ്നങ്ങള്‍


ഏതോ വിഷദത്താല്‍എന്നോ ഉറങ്ങിയഎന്‍ സ്വപ്നങ്ങള്‍ക്ക്ഒരു സാന്ത്വനമായ്ഒരു ഉണര്‍ത്തുപാട്ട്  പോലെമെല്ലെ മെല്ലെ തഴുകി ഉണര്‍ത്തിയവള്‍സ്വപനങ്ങള്‍ പങ്കുവച്ചെടുത്തുജീവിതം പകരം നല്‍ക്കാമെന്നു വാഗ്ദാനം നല്‍കിപിന്നെ പിന്നെ എന്നോ .......പകല്‍ കിനാവുകളില്‍ മാത്രമല്ലപുലര്‍കാല സ്വപനങ്ങളില്‍ പോലുംകൊടുങ്കാറ്റ് വിതച്ചുഭയപെടുത്തും ദു:സ്വപനങ്ങളാക്കി മാറ്റിപിന്നെകാണാമറയത്ത് അവള്‍എങ്ങോ പോയി മറഞ്ഞു......

2010, മാർച്ച് 7, ഞായറാഴ്‌ച

മായകാഴ്ചകള്‍ !!!

                                              

നടക്കാം നടക്കാം
തെരുവോരം ചേര്‍ന്ന് നടക്കാം .
തെരുവിന്റെ കാഴ്ച കണ്ടു നടക്കാം
തൃസന്ധ്യയോടൊപ്പം കൈ പിടിച്ചു നടക്കാം

മലര്‍ന്നു കിടന്ന് മാനം നോക്കാം
നക്ഷത്രങ്ങളെ നോക്കി കണ്ണ് ചിമ്മാം
മണ്‍തരികളില്‍ ചിത്രം വരയ്ക്കാം
പെയ്തൊഴിഞ്ഞ മേഘത്തോട് വിട പറയാം

ഇരുളിന്റെ ചില്ല് വാതിലില്‍ മുട്ടാം
മുല കച്ചയില്‍ ചുര മാന്താം
ചെന്താമര ചുണ്ടില്‍ കടിക്കാം
അടി വയറ്റില്‍ ഇഴയാം
കാര്‍ കൂന്തല്‍ പുതയ്ക്കാം
മടി ത്തട്ടില്‍ മയങ്ങാം

പുക ചുരുളില്‍ ഉണരാം
കണ്ണീരില്‍ മുഖം കഴുകാം
മാലിന്യത്തില്‍ കുളിക്കാം
ഭണ്ഡാരത്തില്‍ കൈയിട്ട് വരാം
വ്രണത്തില്‍ നാക്കിട്ടു നക്കാം
ജട കൊണ്ട് നാണം മറയ്ക്കാം
മുറി ബീഡിയില്‍ ആത്മ ശാന്തി നേടാം

വരേണ്യ കവിതക്ക് ആസ്വാദനം എഴുതാം
ആസ്ഥാന മന്ദിരത്തിനു മുകളീല്‍ കയറാം
പുരസ്കാരത്തില്‍ മുഖം പുഴ്ത്താം
ഞാനെന്ന ഭാവത്തില്‍ അഹങ്കരിക്കാം
പുഴുക്കുത്തില്‍ തലതല്ലി ചിരിക്കാം

ചുടല പറമ്പില്‍ തീ കായാം
പാമ്പിന്റെ മാളത്തില്‍ ഒളിക്കാം
മൂര്‍ഖന്റെ മൂര്‍ധാവില്‍ കൊത്താം
വിഷുപക്ഷിയുടെ പാട്ട് കേക്കാം
മേഘ പക്ഷിയോടൊപ്പം തേങ്ങാം

വൃദ്ധ സദനങ്ങളില്‍ അതിഥിയാവാം
പേറൊഴിഞ്ഞ ഗര്‍ഭ പാത്രത്തിനു കൂട്ടിരിക്കാം
ഊന്നു വടിയില്‍ നെടുവീര്‍പിടാം
കണ്ടു മടുത്തൊരു കാഴ്ചകള്‍ കണ്ടു -
വീണ്ടും നടക്കാം
വരണ്ടുണങ്ങിയ മണ്ണില്‍ സ്വയം ജീര്‍ണിക്കാം..

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

രാധ !!!

രാധ,ഇവളെന്‍ രാധ
യദുകുല രാധയല്ല
കൃഷ്ണനുമില്ല..ഓടകുഴല്‍ നാദവുമില്ല!
കാല പ്രമാണങ്ങളില്‍ പുനര്‍ജനിപ്പൂ--
പുഴുകുത്തില്‍ വീണു അമര്‍ന്ന ജീവിതങ്ങളില്‍ ഒന്നുമാത്രം!
ജീവിത പന്ഥാവില്‍ നഷ്ടമായ പാവ നാടകത്തിലെ--
ആടി തിമിര്‍ക്കും കഥാപാത്രങ്ങളില്‍ ഒന്നു മാത്രം!!
നിഷ്കളങ്കമാം ബാല്യങ്ങളില്ല
മോഹങ്ങള്‍ പൂക്കുന്ന കൌമാരങ്ങളില്ല
യൌവനത്തിന്റെ ചോര തുടിപ്പുകളും എന്നേ മറഞ്ഞു.!
എന്നിട്ടും..
പിറവിക്കു മുന്‍പ്..മണ്ണില്‍ പുതഞ്ഞ ഭൂതകാലാവശിഷ്ടളില്‍--
അവള്‍ തേടുന്നു സ്വന്തമച്ഛന്റെ മുഖം.!
കളീകൂട്ടുക്കാര്‍ ഇല്ലാതെ
ചിതറി തെറിച്ച വളപൊട്ടില്‍ ഒരു പുല്‍ നാമ്പ് കൊതിച്ചു!
കള്ളിതോഴന്‍ ഇല്ലാതെ
ഹൃദയത്തില്‍ അടവെച്ചു വിരിയിച്ച മയില്‍ പീലി തുണ്ടില്‍ ‍
സ്വപ്‌നങ്ങള്‍ നെയ്തു!


ചില്ല് വിളകിന്റെ കൈത്തിരി വെട്ടത്തില്‍
ഏകാന്തതയുടെ അഗാത ഗര്‍തത്തിലൊരു നിഴല്‍ കൂത്ത് നാടകം !!
കുടുംബ ഭാരങ്ങളില്‍ കരിതിരിയായി എരിഞ്ഞു തീരുന്ന അമ്മയില്‍ -
നിന്ന് ഉള്‍വലിഞ്ഞു പോയിവള്‍!
മുന്‍പേ പറന്നവരോടൊപ്പം പറക്കാന്‍..
ചിറകുകള്‍ ഇല്ലാതെ പോയിവള്‍ക്ക്!


കണ്ണുനീര്‍ കുരുതി കളത്തില്‍ ലയിച്ചു ഒരു തേങ്ങലായി!
മൌനത്തിന്റെ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ട-
പൊട്ടിയ തകര ചെണ്ട പോല്‍
നിശബ്ധയാം യാമങ്ങളില്‍ അവള്‍ സ്വന്തം നിഴലില്‍ ഉരുകി ഒലിച്ചു..!
നിലവിളക്കിനു കരിയാക്കിയവര്‍ അന്തകാരം പകരം കൊടുത്തു !.
ഒരു നാള്‍ വരും
നിലാവുള്ള രാത്രികളില്‍ ഒന്നില്‍ നിന്റെ
നിഴലുകല്കു ചിറകുകള്‍ വിടരും..!!
ഒരു നക്ഷത്രമെന്കിലും നിന്റെ വിരല്‍ തുമ്പിനെ തഴുകും !!
കത്തിയമര്‍ന്ന വെണ്ണീരില്‍ നിന്നൊരു പക്ഷി ഉയരും..!!
അത് നിന്റെ സ്വപ്നങ്ങളെ തലോടും..!!
അതിനു മുന്‍പേ ഈടുകൊള്‍ക്ക എന്റെ ഉള്ളിലെ ഈ ഉള്‍തുടിപ്പുകള്‍.


അധികമാകിലോരിക്കലും -
ഞാനെന്റെ ജീവിതം ആ കാല്‍ പാദങ്ങളില്‍--
സമര്‍പ്പിച്ചാല്‍ കൂടി..!!!

2010, ജനുവരി 17, ഞായറാഴ്‌ച

വേര്‍പാട് !!!


വേര്‍പാട് മനസിലൊരു മുറിപാട്‌ പോലെ
വേദനയാണെങ്കിലും
വഴി പിരിഞ്ഞു പോകുന്നവര്‍ പാതിവഴിയില്‍ -
പതിയിരിക്കില്ല.

അപമൃത്യു ക്ഷണിക്കാതെ വന്ന അതിഥിയെ പോലെ
വരുന്ന മൂഹൂര്‍ത്തമാണെങ്കിലും
നീ ബാക്കിവെച്ച സ്മരണകളില്‍ ബലിക്കാക്കകള്‍
കൊത്താതെ നോക്കണം.

ഏകാന്ത പഥിക ജീവിതം കരിനിഴല്‍ കാര്‍ന്നു തിന്നുന്ന -
ആശങ്കയാന്നുവേങ്ങിലും വ്യാകുലകതകളില്‍
പൊലിയാതെ കാക്കണം ..

നിന്‍റെ ശവകുടീരത്തില്‍ ചൊരിയുന്നു
എന്‍റെ ഗാഡമായ കണ്ണുനീരിനോടൊപ്പം
പറയാതെ പോയ വാക്കുകളാല്‍
കേള്‍കാതെ പോയ ശബ്ദത്തിനാല്‍
കാണാതെ പോയ കാഴ്ച്ചകളാല്‍
എഴുതാതെ പോയ വരികളിനാല്‍
ഹൃദയത്തിന്‍റെ ഭാഷയിലൊരു
പ്രണാമം ...

നിന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറച്ച തോണി
നിലാവുള്ള രാത്രിയില്‍ നിളയുടെ തീരത്തടുത്തപ്പോള്‍
ആകാശത്തിന്റെ അനന്തതയിലും
സമുദ്രത്തിന്‍റെ സാന്ദ്രതയിലും
നിന്‍റെ ഓര്‍മ്മകളെന്നോടൊപ്പം
കേഴുന്നു..

നിന്‍റെ ജീവന്‍റെ തുടിപ്പുകള്‍ തേടി
തിരിഞ്ഞു നോക്കുന്നു ഞാന്‍
അലിവോടെ ...
പക്ഷേ ...
ചുവന്ന മണ്‍കൂനകള്‍ പുതച്ചുറങ്ങുന്ന
പച്ച ജീവന്‍ കാണാതെ ഉഴലുന്നു
മിഴികള്‍....

തെരുവിലൂടെ ഒഴുകിയകലുന്ന
സൂര്യ വെളിച്ചം പോലെ
ജ്വലിച്ചുയര്‍ന്ന നിന്‍റെ
ജന്മ വേഗം എന്നില്‍ നിന്ന്
വേര്‍പെട്ടു പോകുന്നു..

വേര്‍പാട് ഒരു വിലാപമായി
ഒരു നേര്‍ത്ത ഗദ്ഗദമായി
സായം സന്ധ്യയുടെ അന്ത്യയാമത്തില്‍
ഏതോ രാപ്പാടിയുടെ പാട്ടുകളൊരു-
തേങ്ങലായി ഉയരുന്നു ...!!!