Ind disable

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 

"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....

 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...

 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.



2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

നൂറുകവിത  പോരേയെന്ന്
നൂറുവട്ടം ചോദിച്ചതാ  ഞാന്‍ ..
നൂറ്റിയൊന്ന് തന്നെ വേണമെന്നും
എന്നാലെ സമാഹാരം
പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
ഒരേ നിര്‍ബന്ധം


എത്രവട്ടമെഴുതിയീട്ടും
എത്രമാത്രം  വെട്ടിയും 
തിരുത്തിയുമെഴുതിയീട്ടും
എന്തോ നൂറ്റിയൊന്നാമത്തെ
കവിത മാത്രം ശരിയാവുന്നില്ല


അവസാനം
ഞാന്‍ എന്നെ തന്നെ
പകര്‍ത്തിയെടുത്തു
നൂറ്റിയൊന്നു  കവിതകള്‍  തികച്ചു


---------------
പത്രാധിപര്‍
നാടുകടത്താന്‍ വിധിച്ചു
ചവറ്റുകൂനയില്‍ തള്ളിയ
കവിതകളില്‍ നിന്നും
കഥകളില്‍ നിന്നും
എന്തിനു
അതിലെ വരികളില്‍ നിന്നുപോലും
ജീവിക്കുന്ന കഥാപാത്രങ്ങളിലില്‍
നിന്നു  ഊര്‍ന്നുവീഴുന്ന
കണ്ണുനീരിന്നു  ഒരേ നിറമായിരുന്നു 
'ചുവപ്പ്നിറം' 



NB:എല്ലാവര്ക്കും ഓണാശംസകള്‍ 

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

സ്മരണീയം(കവിത )




നിയോണ്‍ വെളിച്ചമുറങ്ങാത്ത
നഗരത്തിന്‍
വീട്ടിലേക്കുള്ള വഴി മറന്നു
അദൃശ്യമാം  
ആത്മബോധങ്ങളെന്റെ
ആത്മാവില്‍ നിന്നും
പടിയിറങ്ങവേ..
തിരിച്ചു നടന്നു തുടങ്ങട്ടെ
ഞാനെന്റെ അമ്മയിലേക്ക്‌  !!

പൂമുഖപ്പടി
യിലൊരു നില വിളക്ക് തിരി തെളിയിച്ചു
കാത്തിരിക്കുന്ന അമ്മയുടെ വറ്റാത്ത കണ്ണുനീര്‍,
നനഞ്ഞു കുതിര്‍ന്ന വഴിത്താരകള്‍ ,
എല്ലാം
തിരിഞ്ഞു നടക്കേണ്ടതിനെ
ഓര്‍മ്മിപ്പിക്കുന്നു.

അമ്മയുടേ കൈവിരലുകള്‍
തെക്കിനിക്കാറ്റായി

തലയില്‍ തഴുകുമ്പോള്‍
നിറഞ്ഞുപെയ്യുന്നുണ്ടൊരു താരാട്ടു മഴ .

തൊടിയില്‍ പൂക്കള്‍ പറിച്ചതും,
മുറ്റത്ത്‌
പൂക്കളം
തീര്‍ത്തതും,
കടവില്‍
നീന്തിത്തുടിച്ചതും
,
പാടത്തെ
നെല്‍ക്കതിര്‍
നുള്ളിയതും,
തോട്ടിലെ പരല്‍ മീനിനെ ഊറ്റിയതും,
കണ്ണാരം
പൊത്തിക്കളിച്ചതും
,
പുത്തരിച്ചോറ്
നാക്കിലയില്‍
ഉരുളയാക്കിയതൊക്കെയും
,
ഓര്‍മയിലെ ഓണംപോലെ
ഓളങ്ങള്‍ ഉണ്ണുന്നു ഇപ്പോഴും. !

പുതുമഴ നനഞ്ഞു കിടക്കുന്ന
സ്കൂള്‍ വരാന്തകള്‍,
പുസ്തകത്തില്‍ വിരിയുന്ന
മയില്‍പ്പീലികള്
‍,
ഇറ്റിറ്റു വീഴുന്ന
ഇറവെളളത്തില്‍ നിന്ന് തെറിച്ച
ജല കണികകളിലെ
കുളിര്‍,
ദേശാടനപ്പക്ഷിയുടെ
താരാട്ട്,
മേഘക്കീറുകള്‍ക്കിടയിലൂടെ

പറന്നുയുര്‍ന്നു ആകാശവും തുറന്നങ്ങുയരൂ
എന്റെ സ്വപ്നങ്ങളെ .......

നാളേക്ക് നീക്കിയിരിപ്പാകുന്ന
തായ് വേരുകളിലേക്ക് .
ഇരുള്‍വീണയിടവഴികളിലുടെ
തനിയെ നടന്നുതാണ്ടിയദൂരമത്രയും
തിരിച്ചു നടന്നു
തുടങ്ങേണ്ടിയിരിക്കുന്നു
എത്രകാതം
പിന്നിലേക്ക്
നടക്കണമെന്നറിയാതെ....



2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മൌനങ്ങള്‍













നമുക്കിടയിലുണ്ടായിരുന്ന 
വാചാലമായ മൌനങ്ങള്‍ 
നീയുപേക്ഷിച്ചു പോയപ്പോള്‍ 
ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍ 
എന്റെ പ്രണയാര്‍ദ്രമായ 
ഹൃദയഭിത്തിയില്‍ തട്ടി 
തെറിച്ചുണ്ടായ 
ആഴത്തിലുള്ള മുറിവുകള്‍ 
വളരെ ദയനീയമായിരുന്നു


നാട്ടുപച്ചയില്‍  

2011, ജൂലൈ 25, തിങ്കളാഴ്‌ച

പിതൃതര്‍പ്പണം (കഥ )




ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.

    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.

              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 

         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.

 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു.... 

2011, ജൂലൈ 4, തിങ്കളാഴ്‌ച

പുതുമഴ (കവിത )

വേനലില്‍
പൊള്ളിയടര്‍ന്നുപോയ
തരിശു നിലങ്ങളില്‍
ഒരു കുളിര്‍ മഴ-
പെയ്തു നിറയുന്നു .
മണ്ണിന്റെ മണമുള്ള
പുതുമഴ ആരുടെയോക്കെയോ
പ്രതീക്ഷയാവാം.!

തീര്‍ച്ചയായും
പ്രണയിച്ചു ,പ്രണയിച്ചു
പ്രണയം പരാജയപ്പെട്ടു
വരണ്ടുണങ്ങിയ
പ്രണയസരോവര തീരങ്ങളില്‍
ഒരു നൂല്‍ പോലെ
തൊട്ടു തൊട്ടു പെയ്യുന്നു
ഒരു മഴകാലം .!

ചിലപ്പോളത്
ആരുടെയോ
പ്രണയം കിളിര്‍ത്തു
തളിര്ക്കുന്നതിന്റെ ആരംഭമാവാം
അതോ ..
ഘനീഭവിച്ച ദുഃഖങ്ങള്‍
ചോര്ന്നോലിക്കുന്നതോ ?




puthumazha | Musicians Available


ജി ആര്‍   കവിയൂര്‍ ചൊല്ലിയത്  

2011, ജൂൺ 13, തിങ്കളാഴ്‌ച

മരം പെയ്യുന്നു

ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ 
ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ
ചിറകുകള്‍ക്ക്
അതീതമാണ്.

2011, ജൂൺ 8, ബുധനാഴ്‌ച

നമ്മള്‍ (കവിത )



ഞാനും നീയും
ഇരുട്ടിന്റെ തടവറയില്‍
നിഴല്‍ രൂപങ്ങളായിരുന്നു .

എന്നാല്‍ ,
സ്വാതന്ത്ര്യത്തിന്റെ ലഹരിയിലുന്മത്തരായി
വെള്ളി വെളിച്ചത്തിലേക്കിറങ്ങിത്തിരിച്ചവര്‍
നമ്മള്‍ !
നാല് ധ്രുവങ്ങളിലേക്ക് നീങ്ങി
നാല് സമതലങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നു.


'സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം' !

കറുപ്പും വെളുപ്പും കൊണ്ട് ചുവന്നുപോയൊരു പതാക
അന്തമില്ലാത്ത ആകാശത്ത് വെറുതെ പാറുന്നു.

ഇതിന്നിടയില്‍,
നീയെന്നെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ നിന്നെ മറന്നു പോയിരിക്കും
പിന്നീടെപ്പോഴെങ്കിലും ഞാനെന്റെ --
ഓര്‍മ്മചെപ്പില്‍ നിന്നെ തിരയുമ്പോള്‍
നീ സ്വയമൊരു മുഖം മൂടി ധരിച്ചിരിക്കും .

പക്ഷേ ,
ആറടിയുടെ
അഗാധതയിലെ
അനുഭവങ്ങളുടെ സമത്വ-
ഭാവങ്ങള്‍ നമ്മെ
സമന്മാരാക്കുമെങ്കിലും
തമ്മില്‍ തമ്മിലുള്ള
പോരാട്ടം തുടരുക തന്നെ ചെയ്യും

ചിലപ്പോള്‍ ഇത്
വിശുദ്ധ യുദ്ധമെന്നോ ?
വര്‍ഗ്ഗ സമരമെന്നോ ?
വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!

2011, മേയ് 29, ഞായറാഴ്‌ച

മറവി


മരിച്ചാലും
ഒരിക്കലും
മറക്കില്ലെന്ന് പറയുമായിരുന്നു
അനുരാഗത്തിന്റെ
ആദ്യ നാളുകളില്‍
എന്നിട്ടും
പ്രണയം മരിച്ചു തുടങ്ങിയ-
രാവുകളില്‍
ഓര്‍ത്തെടുക്കുന്നതിനെകാള്‍
തിടുക്കം
മറക്കുവാനായിരുന്നു

2011, മേയ് 16, തിങ്കളാഴ്‌ച

സ്വപ്നം

എന്റെ സ്വപ്ന  സഞ്ചാരങ്ങള്‍ 
അവസാനിക്കുന്നത്
നീയുള്ളയിടത്താണ്
എന്നാല്‍
നിന്നിലേക്ക്‌ 
ഒരിക്കല്‍ പോലും
വന്നണയരുതേയെന്നാണ്
എന്റെ തേട്ടം *
അതിലുമെനിക്കിഷ്ട്ടം   
നിന്നിലേക്ക്‌ 
സഞ്ചരിക്കുന്ന
എന്റെ സ്വപ്നങ്ങള്‍ 


* തേട്ടം =  പ്രാര്‍ഥന

2011, മേയ് 1, ഞായറാഴ്‌ച

അഭിനിവേശം


ഇരമ്പിയാര്‍ത്തു വരുന്ന കടല്‍-
ത്തിരകള്‍ക്കിടയില്‍
പിരമിഡു പോലുരുണ്ടൊരു
പ്രതീക്ഷതന്‍ മുനമ്പ്‌ ...!

അതു പിടിച്ചടക്കണമെന്നും
അതിലെ നോവും അതിന്‍ വേദനയും -
ത്തട്ടിത്തൂവാതെ തന്‍
സിരകളോട് ചേര്‍ക്കണമെന്നും
അവള്‍ പറയുമായിരുന്നു...

പേനയും പതാകയും
പിടിച്ചു മുരടിച്ചു പോയൊരെന്‍
കൈകള്‍ തളര്‍ന്നുവെന്ന്
തോന്നിത്തുടങ്ങിയപ്പോള്‍

അതുവരെ കൂടെ നിന്ന
ചായം തേച്ചു മുഖം മറച്ചവര്‍,
പുഞ്ചിരിയില്‍ കൂര്‍ത്ത പല്ലുകള്‍
ഒളിപ്പിച്ചവര്‍,
എവിടേക്കാണ്‌ പുറപ്പെട്ടു പോയത്
ഏതു പല്ലക്കില്‍,
എത്ര കുതിരയെപ്പൂട്ടിയ തേരില്‍ ..?

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഉറക്കം (കവിത)

ഓരോ ഉറക്കവും
ഓരോ  മരണമത്രെ 
കുഞ്ഞു  കുഞ്ഞു  മരണങ്ങള്‍
നൈമിഷിക ദൈര്‍ഘ്യങ്ങളില്‍

പൊട്ടിപോകുന്ന 
കുഞ്ഞു നീര്‍കുമിളകള്‍.

കിടന്നുറങ്ങുന്നവരും
ഇരുന്നും നിന്നുമുറങ്ങുന്നവരും   
എന്തിനു
നടന്നുറങ്ങുന്നവര്‍  വരെ
ഓരോ മരണങ്ങളെ പൂര്‍ത്തീകരിക്കുന്നുണ്ട്‌.

ഓരോ തവണ ഉറങ്ങുന്നവരും

വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

 ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍  
നിതാന്തമായൊരു  ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്  


എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍ 

2011, മാർച്ച് 23, ബുധനാഴ്‌ച

പിന്‍നിലാവ്









പുലര്‍കാലത്ത്  വിടര്‍ന്നൊരു  പെണ്‍പൂവ്
വൈകുന്നേരം  അടര്‍ന്നു  വീഴുന്നതിനു  മുന്‍പേ 
ആരുടെയോക്കെയോ  കൈകളില്‍  കിടന്നു
ഞെരിഞ്ഞു വാടിയമരുന്നതിന്റെ  
വ്യാകുലതകള്‍ക്ക്  മുകളിലാണ്
ഒരു പിന്‍ വിളിയുമിലാതെ 
പുതു നിലാവ്
വീണ്ടും  വീണ്ടുമുദിച്ചുയരുന്നത്

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

നീ (ഞാന്‍ )

പലപ്പോഴും
ഹൃദയത്തിന്റെ ഭാഷയില്‍  
പറയേണ്ടിരുന്ന
എന്‍റെ തോന്നലുകളെ
തലച്ചോറുച്ചത്തില്‍
പറഞ്ഞു പോയതു കോണ്ടാണ്
പലയിടങ്ങളില്‍ വെച്ചും
ഹൃദയമടര്‍ന്ന്
എനിക്ക്
എന്നെ തന്നെ
(അത് നീയായിരുന്നുവല്ലോ )
നഷ്ടമായത്.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

അകലെ..!

ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍
ഞാന്‍ ഇതാ  വന്നണയുന്നു..
നീ എന്നില്‍ നിന്നകലുകയാണോ ?

കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
നിന്റെ തെളിമ
മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക്‌ നിന്റെ തനിമ
തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ
കുഴിച്ചുമൂടപ്പെട്ട പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
തായ് വേരറ്റു  എരിഞ്ഞ  സംസ്കാരത്തിന് നിന്റെ ബീജം
ചവിട്ടി അരഞ്ഞു പോയ  സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം

ധാര ധാരയായി പെയ്തന്ന  മഴയില്‍
എന്റെ കാല്‍പാടുകള്‍ ഭൂമിയില്‍ പതിയുന്നില്ല
എന്റെ കൈകളില്‍ നിന്ന് ഊര്‍ന്നു പോകുന്നു ഊന്നു വടി 
എന്റെ തിമിരം ബാധിച്ച കണ്ണുകളില്‍
കാഴ്ച മങ്ങുന്നു
എന്റെ ബോധ മണ്ഡലങ്ങള്‍  മറയുന്നു
എന്റെ ഊര്‍ജ്ജ ഉറവ വറ്റി
കൈഞരംമ്പുകള്‍ തളര്‍ന്നു പോയി
ഇടറുന്നു തൊണ്ട വരളുന്നു നാവും
എന്നിട്ടും
ഹേ  ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു


NB:-പഴയ ഒരു കവിത ...

2011, ജനുവരി 23, ഞായറാഴ്‌ച

പട്ടുസാരി .!

ആ  മാവിലെ  കൊമ്പില്‍
സാരിത്തുബ് കേട്ടിയാടുന്നുണ്ട്
ഗൃഹനാഥന്‍.

ഉമ്മറപ്പടിയില്‍
ആര്‍ത്തു കരയുന്നുണ്ട്
ഗൃഹനായിക . 


ഭാര്യയുടെ
പള പളാ മിന്നുന്ന
കാഞ്ചിപുരം പട്ടുസാരിയിലാണ്
ആയാള്‍ തൂങ്ങിയതെന്നു
പിറുപിറുക്കുന്ന
ുണ്ട്
അയലത്തെ സുന്ദരി.