Ind disable

2012 ജനുവരി 9, തിങ്കളാഴ്‌ച

കലണ്ടര്‍ (കവിത )


കലണ്ടര്‍
കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും 
സംഗ്രഹിച്ചത് 
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം

ഓരോചരിത്രസ്മാരകങ്ങളിലും   
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
 കിറുകൃത്യമായിരിക്കും.

യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങിങ്ങെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
ഒരു ഓര്‍മ്മപ്പെടുത്തലായി 
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?

2012 ജനുവരി 2, തിങ്കളാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്‌ ദാമോദരന്‍ (കഥ )

"ബസ്സിടിച്ച് മരിച്ച അജ്ഞാതനായ മദ്ധ്യവയസ്കനെ തിരിച്ചറിഞ്ഞു

'രണ്ടു ദിവസം മുന്‍പ് അതിരാവിലെ  റോഡ്‌ മുറിച്ചു കടക്കുമ്പോള്‍  ബസ്സിടിച്ച് മരിച്ച  മധ്യവയസ്ക്കനായഅജ്ഞാതന്‍,' ദാമോദരന്‍  എന്ന 'ഡ്യൂപ്ലിക്കേറ്റ്‌ ദാമുവാണ് ' എന്ന് സ്വന്തം മകന്‍ മോര്‍ച്ചറിയില്‍ തിരിച്ചറിഞ്ഞു.
      ഡിസംബറിലെ തണുപ്പുള്ള സായന്തനത്തിലും എന്റെ  കൈകള്‍  വിയര്‍ത്തു.... കയ്യിലിരുന്ന പത്രവും.
ആ വാര്‍ത്ത ശരിയാണോ എന്ന് ഉറപ്പിക്കാന്‍  ഒന്നുകൂടെ മനസ്സുയിരുത്തി വായിച്ചു .....

      'മരിക്കുന്നതിന്റെയന്ന് അച്ഛന്‍  വീട്ടില്‍  വന്നിരുന്നുവെന്നും കോലായിലിരുന്ന് എന്തൊക്കെയോ ഓര്‍ത്ത് വിതുമ്പി കണ്ണുകള്‍ നിറഞ്ഞിരുന്നു , പിന്നെ ആരോടും ഒന്നും ഉരിയാടാതെ  ഇറങ്ങിപ്പോവുകയായിരുന്നെന്നും, എന്നാല്‍ അച്ഛനന്ന് ഒരു തുള്ളി മദ്യം പോലും കഴിച്ചിരുന്നില്ലെന്നും " പോലിസിന്നോട്   മകന്‍ വിതുമ്പി. 


വല്ലാത്തൊരസ്വസ്ഥത... പത്രം മടക്കി  മടിയില്‍  വച്ച് കണ്ണുകള്‍ ഇറുകിഅടച്ചു സീറ്റിലേക്ക് ചാഞ്ഞു.....

         നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാന്‍ .. ബസ്സ്‌ പിന്നിലേക്ക് പായിക്കുന്ന കാഴ്ചകളില്‍ കാടുകയറുന്ന ചിന്തകളെ ചങ്ങലക്കിട്ട്,അലസമായി എന്തൊക്കെയോ ഒര്‍ത്തിരിക്കുമ്പോഴാണ് സായാഹ്ന പത്രവുമായി ഒരാള്‍ കടന്നു വന്നത് . 
     പത്രധര്‍മ്മത്തിനുപരി അരച്ചാണ്‍ വയറിന്റെ ഉള്‍വിളി അവന്റെ ദയനീയമായ രൂപത്തിലും ഭാവത്തിലും നിന്ന് വായിച്ചെടുക്കാന്‍  കഴിഞ്ഞിട്ടാവണം വാര്‍ത്ത വായിക്കാനുള്ള മനസ്സില്ലാഞ്ഞിട്ടും ഞാനാ  ആ പത്രം വാങ്ങിച്ചത്.

ഒരു രൂപ നാണയ തുട്ടിന്റെ തിടുക്കം ആ മുഖത്ത് നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ കൊടുക്കുന്നത്  
കിട്ടിയിട്ട് വേണം അടുത്ത വായനക്കാരനിലേക്ക് വാര്‍ത്തകളുമായി ഓട്ടപാച്ചിലിന്റെ വേഗതയുടെ അളവ് കോല്‍ നിശ്ചയിക്കാന്‍.നോട്ടം അവനില്‍ നിന്നും പറിച്ചെടുത്ത് പത്രതാളുകളില്‍  കണ്ണോടിച്ചു  ... എല്ലാം രാഷ്ടിയ വാര്‍ത്തകള്‍.. ‍അല്ലെങ്കില്‍ രാഷ്ടിയ നേതാവിന്റെ കവല പ്രസംഗങ്ങള്‍.. അതുമല്ലെങ്കില്‍ ഏതെങ്കിലും  കൊട്ടേഷന്‍ കൊലപാതകം.. അതില്‍ കവിഞ്ഞൊന്നും ഇന്നത്തെ വാര്‍ത്തകളില്‍നിന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയുള്ള ചിന്തയില്‍ പത്രം മറിക്കുമ്പോഴാണു മനസ്സിനെ അസ്വസ്ഥമാക്കിയ ആ വാര്‍ത്തയില്‍ കണ്ണുടക്കിയത് ...


ഒരു ബസ്സപകടത്തിന്റെ വാര്‍ത്ത എന്നതിലപ്പുറം മറ്റൊന്നും തോന്നിയില്ല ആദ്യം...
വായിച്ചു വന്നപ്പോഴാണ് മരണപ്പെട്ടത്  ഞങ്ങളുടെ  ദാമുവേട്ടനാണ് യെന്നു തിരിച്ചറിഞ്ഞത്  


ദാമുവേട്ടന്‍ ... മനസ്സ് കുറേ പിന്നിലേക്ക് പായുകയായിരുന്നു..
 

ദാമുവേട്ടനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലാദ്യം ഓടിയെത്തുന്നത് കള്ളു കുടിച്ചു  പാടുന്ന ആ പഴയ പാട്ടാണ് .


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ..............."

         ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍  പോകുന്ന വഴി വക്കില്‍  മദ്യ ലഹരിയില്‍ കണ്ണുകള്‍ചുവപ്പിച്ചു കാലുകള്‍  വേച്ചു വേച്ചു  ഏതെങ്കിലുമൊരു  മതിലില്‍  ചാരിയത്  പോലെ നിന്ന്   ഒരു കൈ കൊണ്ട്  ചെവി കൂര്‍പ്പിച്ചു വെച്ച്  ദാമുവേട്ടന്‍പാടുമായിരുന്നു  ....ഇത്രമാത്രം ഈണത്തില്‍ പാടുന്ന  വേറെഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ലായിരുന്നു.
         തന്നിലെ ആവസാന ഊര്‍ജ്ജത്തിന്റെ  ഉറവയും വറ്റി വരളുന്നതുവരെ ആ  പാട്ട്  തുടര്‍ന്നുകൊണ്ടിരിക്കും.
അവസാനം ആ മതിലില്‍തന്നെ അങ്ങനെ മലര്‍ക്കും.  ചില്ലപ്പോള്‍ വീണ്ടും   ഉന്മാദലഹരി  സിരകളില്‍ പടര്‍ത്താന്‍  എഴുന്നേറ്റു്  ഷാപ്പിലേക്ക്  തന്നെ വീണ്ടും....ഷാപ്പ്‌ പൂട്ടുന്നത്  വരെ  മദ്യപ്പിച്ചു  ആ രാത്രികള്‍   അവിടെ  തന്നെ വെളുപ്പിക്കുബോഴും ആ ഗാനം ആ ചുണ്ടുകളില്‍  കള്ളിന്റെ നുരയോടെപ്പം  പതയുന്നുണ്ടാവും. 
എനിക്ക് ഓര്‍മ്മ വെച്ച നാള്‍മുതല്‍ ദാമുവേട്ടന്‍  ഇങ്ങനെ തന്നെയായിരുന്നു . കള്ളും കുടിച്ച്,  കുളിക്കാതെ ജടപിടിച്ച മുടിയുമായി,  മുഷിഞ്ഞു കീറിയ കുപ്പായവും നാറുന്ന ഒറ്റമുണ്ടും .ഒരു ഊര്  തെണ്ടിയുടെ എല്ലാ വേഷ പകര്‍ച്ചയിലും പൂര്‍ണനായിരുന്നു  ഞങ്ങളുടെ ദാമുവേട്ടന്‍.

           ഞങ്ങള്‍  കുട്ടികള്‍ക്ക് , കുറച്ചു കാലത്തെ കൌതുകത്തിനു ശേഷം,  പരിഹസിച്ച് ചിരിക്കാനും കല്ലെടുത്തെറിഞ്ഞ് ഉപദ്രവിക്കാനും മാത്രമുള്ള ഒരു കോമാളിയിലേക്കുള്ള ദാമുവേട്ടന്‍റ പരിവര്‍ത്തനം വളരെ വേഗമായിരുന്നു. 
എന്റെ സുഹൃത്ത് ബിനുവിന്റെ അച്ഛന്‍ ബാലേട്ടനാണ് ദാമുവേട്ടന്റെ ഭൂതകാലത്തെ  കുറിച്ച്  ഞങ്ങളോട്  ആദ്യം പറഞ്ഞു തന്നത് .

        എന്റെ ഗ്രാമത്തിലെ ഏക സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു  ദാമുവിന്റെ അച്ഛന്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന  ദാമു  കുടുംബത്തിന്റെ കുല തൊഴില്‍  വളരെ വേഗം പഠിച്ചെടുക്കുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ പയ്യനായ ദാമുവിന് പ്രായം പതിനൊന്നു വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്‍ദ്ദന കുടുംബം.പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുടുംബം  പോറ്റാന്നുമായി  ദാമുവും പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.

        തട്ടാപ്പണിയില്‍   അയാള്‍ നേടിയെടുത്ത പ്രാവീണ്യം  അയല്‍ ദേശത്ത് പോലും  പ്രചരിച്ചത്  വളരെ  പെട്ടെന്നായിരുന്നു.. അടുത്ത ഗ്രാമത്തില്‍ നിന്ന് പോലും  ആവശ്യക്കാര്‍  വന്നു തുടങ്ങി. 

തട്ടാനെ സ്നേഹിച്ച പെണ്ണുങ്ങളെയൊക്കെ നൈരാശ്യത്തിലേക്ക് വലിച്ചറിഞ്ഞ്, ഇപ്പോഴുള്ള യുവാക്കളുടെ ഒരു ദുശ്ശീലവുമില്ലാത്ത ദാമു, അമ്മ കാണിച്ചു കൊടുത്ത പെണ്ണിനെ തന്നെ കല്യാണവും കഴിച്ചു.

     അമ്മ, കണ്ടു ഇഷ്ടപ്പെട്ട   പെണ്ണിനെ തന്നെ വിവാഹം ചെയ്തുവെങ്കിലും ,അമ്മിണി സുന്ദരിയായിരുന്നു. പക്ഷെ അവര്‍,ദാമുവിനൊപ്പം സ്വര്‍ണ്ണത്തെയും  സ്നേഹിച്ചിരുന്നു. 
എന്ത്  ആഭരണം   പണിതാലും  അത് പോലെ ഒന്ന് അമ്മിണിക്കും പണിഞ്ഞു കൊടുക്കാന്‍ ദാമു നിര്‍ബന്ധിതനായി .... 

      സ്വര്‍ണ്ണപണിക്കാരനായ ദാമു അങ്ങനെയാണ്  അനുപാതത്തില്‍ കൂടുതല്‍ ചെമ്പ്, സ്വര്‍ണ്ണത്തില്‍  ‍ചേര്‍ത്ത് തുടങ്ങിയത് .. ആരാലും പിടിക്കപെടാതെ വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവര്‍ക്ക് മൂന്ന് മക്കള്‍  ജനിക്കുകയും  ദാമുവില്‍ ജരാനരകള്‍  ബാധിച്ചു തുടങ്ങുകയും  ചെയ്തിരുന്നു.

       അമ്മിണിക്ക് സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയും,പെണ്മക്കളുടെ വിവാഹത്തെക്കുറിച്ചും മറ്റു കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയും ദാമുവേട്ടനെ വീണ്ടും വീണ്ടും സ്വര്‍ണ്ണപ്പണിയില്‍   കള്ളത്തരം  കാണിക്കാന്‍  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ, ഒരു  കള്ളം എത്ര കാലം മൂടി വെക്കാന്‍സാധിക്കും? 

       അയാളുടെ കഷ്ടകാലത്തിന് ദാമുവേട്ടന്‍  പണിത ഒരു സ്വര്‍ണ്ണമാല, ഒരിക്കല്‍  ഏതോ തട്ടാന്‍ മാറ്റുരച്ച് നോക്കിയപ്പോള്‍ , അതില്‍  ചെമ്പിന്റെ അംശം കൂടുതലായി കണ്ടു. അത് അറിഞ്ഞവര്‍ ഒക്കെയും അവരുടെ ഉരുപടിക്കളുടെ മാറ്റ്  നോക്കാന്‍ തട്ടാന്മാരെ തേടി പരക്കം പായാന്‍ തുടങ്ങി.   കള്ളത്തരം  കണ്ടു  പിടിച്ചവര്‍  തങ്ങളുടെ  അമളി  മറ്റുള്ളവര്‍  അറിഞ്ഞാലുണ്ടാകുന്ന  നാണകെടോര്ത്ത്   എല്ലാം  മൂടി  വയ്ക്കാന്‍  ശ്രമിച്ചുവെങ്കിലും  സംഭവം  എങ്ങനെയോ   നാട്ടില്‍  പാട്ടായി .കേട്ട് അറിഞ്ഞവര്‍ ഒക്കെ മൂക്കത്ത്  വിരലുവെച്ചു .ഇത് പോലെ ഒരു ചതി നാട്ടുകാര്‍ ദാമുവില്‍ നിന്ന്  ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അത് വരെ  എല്ലാവര്ക്കും പ്രിയപ്പെട്ട തട്ടാനായിരുന്ന ദാമുവേട്ടന്‍  എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത് വളരെ വേഗത്തിലായിരുന്നു.
ആരാണ് ആദ്യം ദാമുവിനെ ഡ്യൂപ്ലിക്കേറ്റ്‌ എന്ന് വിളിച്ചത് എന്ന്  ആര്‍ക്കും  അറിയില്ല ..  എന്തായാലും പിന്നീടങ്ങോട്ട്  ദാമുവേട്ടന്‍, എല്ലാവര്ക്കും  ഡ്യൂപ്ലിക്കേറ്റ്‌ദാമുവായി .

“മോനെന്താ  സൊപ്പനം കാണുവാ?”

ഞെട്ടി കണ്ണു തുറന്നു.. തൊട്ടടുത്ത സീറ്റില്‍  ദാമുവേട്ടന്‍.. അതെ മഞ്ഞ പല്ലുകള്‍ പുറത്തു  കാണിച്ചു  വലിയ വായില്‍  ചിരിക്കുന്നു.

നിലത്തു വീണ പത്രത്തിലും ദാമുവേട്ടന്റെ മുഖത്തും ഞാന്‍  മാറി മാറി നോക്കി. അമ്പരപ്പും പേടിയുമൊക്കെ മുഖത്ത് മിന്നി മായുന്നു .."ദാമുവേട്ടന്‍...!! ഇതെങ്ങനെ..? "

“മോന്‍  പേടിക്കണ്ട..  പത്രം കയിലെടുത്തു  ആ ചിത്രം തൊട്ടു കാണിച്ചു  എന്നോട്   പറഞ്ഞു " ഇത്   ഞാനാ തന്നെ മോനെ  .....” വീണ്ടും മഞ്ഞളിച്ച  ചിരി.

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി എന്നാലും അല്‍പ്പം ഭയത്തോടെ ചോദിച്ചു,“എന്താപ്പായിദ്  ദാമുവേട്ടാ ?യിങ്ങള് അന്നു കള്ള്കുടിച്ചിട്ടില്ലെന്നു മോന്  പറഞ്ഞല്ലോ ... പിന്നെന്താ ..?”

പതിവു ചിരിയോടെ ദാമുവേട്ടന്‍  പറഞ്ഞു, “ പത്രത്തിലുള്ളത്  പോലെ  ഒരു അപകടം ഒന്നുല്ലട്ടോ ....   ഞാന്‍  സ്വയം  ചാടിയതാ മോനെ ..? .... ബസ്സിടിച്ച്   ചത്താല്  പൈസ  കിട്ടൂല്ലേ  .. അതുകൊണ്ട് ന്റെ മോളെയെങ്കിലും  കെട്ടിക്കാലോന്ന്‍  വെച്ചിട്ടാ ഞാന്‍   ....വേറെയൊരു   വകയില്ലായിട്ടാ ...... ”

അത് വരെ ചിരിക്കുകയായിരുന്ന ദാമുവേട്ടന്‍ പെട്ടന്ന് ശോക ഭാരത്താല്‍ തല കുനിച്ചു അങ്ങനെയിരിപ്പായി  ....

പാവം ദാമുവേട്ടന്‍,

ഡ്യൂപ്ലിക്കേറ്റ് എന്ന പേര്  വന്നതോടെ നാട്ടുകാര്‍   സ്വര്‍ണ്ണം പണിയാന്‍വേണ്ടി പട്ടണങ്ങളിലേക്ക് പോയിതുടങ്ങി.സ്വര്‍ണ്ണ പണി കുറഞ്ഞതോടെ ഭാര്യാ അമ്മിണിയുടെയും മക്കളുടെയും  കുറ്റപെടുത്തലുകള്‍ കൂടി കൂടി  വന്നു .ചതിയനായ ദാമുവിനെ നാട്ടുകാര്‍ക്ക് മാത്രമല്ല വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വീട്ടിലും അയാള്‍ ഒറ്റപ്പെട്ടു.ഈ ഒറ്റപ്പെടല്‍ ദാമുവേട്ടനെ വിഷാദരോഗത്തിലേക്കും അതില്‍ നിന്ന് പിന്നെ മദ്യത്തിന്റെ കരാളഹസ്തങ്ങളിലേക്കുമാണ് നയിച്ചത് .  

ആര്‍ക്ക്  വേണ്ടി ജീവിച്ചോ അവർ തന്നെ അയാളെ  വീട്ടില്‍നിന്നും പുറത്താക്കി പടിയടച്ചപ്പോള്‍  പിന്നെയുള്ള ജീവിതം കട വരാന്തകളില്‍പറിച്ചു നട്ടു. പക്ഷേ അപ്പോഴും  അയാള്‍ക്ക് അവരെ വെറുക്കാന്‍ സാധിച്ചിരുന്നില്ല, അവര്‍ എന്നും അയാളുടെ നോക്കെത്തും ദൂരത്ത്  നിന്ന് കൊണ്ട്   ഭൂമിയെ  ചുറ്റുന്ന ഒരു ഉപഗ്രഹം മാത്രമായി അയാള്‍  മാറി. ഇത്രയും കാലം ജീവിച്ചതും  അവര്‍ക്കുവേണ്ടി  മാത്രമാണ്  ഇനിയുള്ള  ജീവിതവും അവര്‍ക്ക് വേണ്ടി മാത്രമായിരുന്നു 

എന്റെ മനസ്സ് കഴിഞ്ഞ കാലത്തിലെ ചിന്തകളില്‍  കുരുങ്ങി...

“ന്നാലും ന്റെദാമുവേട്ടാ...” ചോദിക്കാനാഞ്ഞ ചോദ്യം പകുതിയില്‍  മുറിഞ്ഞു വീണു...അപ്പോള്‍ തൊട്ടടുത്ത സീറ്റ്‌ ശൂന്യമായിരുന്നു .... ഒക്കെയും തന്റെ തോന്നലായിരുന്നോ..?

ആ സീറ്റ്‌ ഞാന്‍ ഒന്ന് തൊട്ടു നോക്കി.അവിടെ ഒരു ആള്‍പെരുമാറ്റത്തിന്റെ ചൂടും ചൂരും അപ്പോഴും തങ്ങി നിന്നിരുന്നു .

സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ഞാന്‍ കണ്ട സ്വപനത്തിന്റെ  ഓര്‍മകളില്‍ മനസ്സ് വല്ലാത്ത മരവിപ്പിലായിരുന്നു..ദാമുവേട്ടന്‍   ആത്മഹത്യാ ചെയ്തുവെന്ന സത്യം  വിശ്വസിക്കാനാവുന്നില്ല.....അയാള്‍ ചെയ്തത്  ന്യയീകരിക്കാന്‍ വേണ്ടിയെല്ലെങ്കിലും നാട്ടുകാര്‍ മൊത്തം വെറുത്താലും അയാള്‍ ജീവിച്ചു തീര്‍ത്തത്  ഒന്നും അയാള്‍ക്ക് വേണ്ടിയായിരുന്നില്ല.

അങ്ങനെയുള്ള ദാമുവേട്ടന്റെ അദൃശ്യമായ  സാന്നിധ്യം പുളിച്ച കള്ളിന്റെ മണമായി ഒരു നിഴല്‍ പോലെ  എന്നെ ചൂഴ്ന്നു നിന്നിരുന്നു..    അകലെയെവിടെയോ നിന്ന്  അപ്പോഴും ആ പഴയപാട്ട്  വളരെ നേര്‍ത്ത്  നേര്‍ത്ത്‌  കേള്‍ക്കുന്നുമുണ്ടായിരുന്നു..


"ടാറ്റാ ബിര്‍ള കമ്പനിക്കാരനെ പടച്ചത് അല്ലാഹു ..
ഈ പാവം എന്നെയും  പടച്ചത് അല്ലാഹു ...............      
    

  



2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 

"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....

 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...

 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.



2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

നൂറുകവിത  പോരേയെന്ന്
നൂറുവട്ടം ചോദിച്ചതാ  ഞാന്‍ ..
നൂറ്റിയൊന്ന് തന്നെ വേണമെന്നും
എന്നാലെ സമാഹാരം
പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
ഒരേ നിര്‍ബന്ധം


എത്രവട്ടമെഴുതിയീട്ടും
എത്രമാത്രം  വെട്ടിയും 
തിരുത്തിയുമെഴുതിയീട്ടും
എന്തോ നൂറ്റിയൊന്നാമത്തെ
കവിത മാത്രം ശരിയാവുന്നില്ല


അവസാനം
ഞാന്‍ എന്നെ തന്നെ
പകര്‍ത്തിയെടുത്തു
നൂറ്റിയൊന്നു  കവിതകള്‍  തികച്ചു


---------------
പത്രാധിപര്‍
നാടുകടത്താന്‍ വിധിച്ചു
ചവറ്റുകൂനയില്‍ തള്ളിയ
കവിതകളില്‍ നിന്നും
കഥകളില്‍ നിന്നും
എന്തിനു
അതിലെ വരികളില്‍ നിന്നുപോലും
ജീവിക്കുന്ന കഥാപാത്രങ്ങളിലില്‍
നിന്നു  ഊര്‍ന്നുവീഴുന്ന
കണ്ണുനീരിന്നു  ഒരേ നിറമായിരുന്നു 
'ചുവപ്പ്നിറം' 



NB:എല്ലാവര്ക്കും ഓണാശംസകള്‍ 

2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

സ്മരണീയം(കവിത )




നിയോണ്‍ വെളിച്ചമുറങ്ങാത്ത
നഗരത്തിന്‍
വീട്ടിലേക്കുള്ള വഴി മറന്നു
അദൃശ്യമാം  
ആത്മബോധങ്ങളെന്റെ
ആത്മാവില്‍ നിന്നും
പടിയിറങ്ങവേ..
തിരിച്ചു നടന്നു തുടങ്ങട്ടെ
ഞാനെന്റെ അമ്മയിലേക്ക്‌  !!

പൂമുഖപ്പടി
യിലൊരു നില വിളക്ക് തിരി തെളിയിച്ചു
കാത്തിരിക്കുന്ന അമ്മയുടെ വറ്റാത്ത കണ്ണുനീര്‍,
നനഞ്ഞു കുതിര്‍ന്ന വഴിത്താരകള്‍ ,
എല്ലാം
തിരിഞ്ഞു നടക്കേണ്ടതിനെ
ഓര്‍മ്മിപ്പിക്കുന്നു.

അമ്മയുടേ കൈവിരലുകള്‍
തെക്കിനിക്കാറ്റായി

തലയില്‍ തഴുകുമ്പോള്‍
നിറഞ്ഞുപെയ്യുന്നുണ്ടൊരു താരാട്ടു മഴ .

തൊടിയില്‍ പൂക്കള്‍ പറിച്ചതും,
മുറ്റത്ത്‌
പൂക്കളം
തീര്‍ത്തതും,
കടവില്‍
നീന്തിത്തുടിച്ചതും
,
പാടത്തെ
നെല്‍ക്കതിര്‍
നുള്ളിയതും,
തോട്ടിലെ പരല്‍ മീനിനെ ഊറ്റിയതും,
കണ്ണാരം
പൊത്തിക്കളിച്ചതും
,
പുത്തരിച്ചോറ്
നാക്കിലയില്‍
ഉരുളയാക്കിയതൊക്കെയും
,
ഓര്‍മയിലെ ഓണംപോലെ
ഓളങ്ങള്‍ ഉണ്ണുന്നു ഇപ്പോഴും. !

പുതുമഴ നനഞ്ഞു കിടക്കുന്ന
സ്കൂള്‍ വരാന്തകള്‍,
പുസ്തകത്തില്‍ വിരിയുന്ന
മയില്‍പ്പീലികള്
‍,
ഇറ്റിറ്റു വീഴുന്ന
ഇറവെളളത്തില്‍ നിന്ന് തെറിച്ച
ജല കണികകളിലെ
കുളിര്‍,
ദേശാടനപ്പക്ഷിയുടെ
താരാട്ട്,
മേഘക്കീറുകള്‍ക്കിടയിലൂടെ

പറന്നുയുര്‍ന്നു ആകാശവും തുറന്നങ്ങുയരൂ
എന്റെ സ്വപ്നങ്ങളെ .......

നാളേക്ക് നീക്കിയിരിപ്പാകുന്ന
തായ് വേരുകളിലേക്ക് .
ഇരുള്‍വീണയിടവഴികളിലുടെ
തനിയെ നടന്നുതാണ്ടിയദൂരമത്രയും
തിരിച്ചു നടന്നു
തുടങ്ങേണ്ടിയിരിക്കുന്നു
എത്രകാതം
പിന്നിലേക്ക്
നടക്കണമെന്നറിയാതെ....



2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മൌനങ്ങള്‍













നമുക്കിടയിലുണ്ടായിരുന്ന 
വാചാലമായ മൌനങ്ങള്‍ 
നീയുപേക്ഷിച്ചു പോയപ്പോള്‍ 
ചിന്നിച്ചിതറിയ സ്വപ്‌നങ്ങള്‍ 
എന്റെ പ്രണയാര്‍ദ്രമായ 
ഹൃദയഭിത്തിയില്‍ തട്ടി 
തെറിച്ചുണ്ടായ 
ആഴത്തിലുള്ള മുറിവുകള്‍ 
വളരെ ദയനീയമായിരുന്നു


നാട്ടുപച്ചയില്‍